ചെന്നൈ: കഴിഞ്ഞ ഏഴുമാസത്തെ ഇടവേളക്ക് ശേഷം ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വീണ്ടും റോക്കറ്റ് എൻജിൻ കുതിച്ചുയർന്നു. ഇന്ന് പുലർച്ചെ 2.55ന് ജിസാറ്റ്-1എ (ഇഒഎസ്-05) എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള ജിഎസ്‌എൽവി എഫ് 17 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.
ഉപഗ്രഹം സബ് ജിയോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിൽ എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യൻ ഭൂപ്രദേശത്തിന്റെ തൽസമയ ചിത്രം നൽകാൻ ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്-1 ഇഒഎസ്-05 ആണ് 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിയത്. ലക്ഷ്യത്തിൽ എത്തുന്നതിന് മുൻപുള്ള താൽക്കാലിക ഭ്രമണപഥത്തിലാണ് ആദ്യം എത്തിയത്. അവിടെ നിന്ന് സാവധാനം യഥാർഥ ഭ്രമണപഥത്തിലേക്ക് ഉയർത്തും.
പത്തുവർഷമാണ് ഇഒഎസ്-05ന്റെ പ്രവർത്തന കാലാവധി. ഭൂമിയുടെ കറക്കത്തിനൊപ്പം ഏകദേശം ഒരേ സ്‌ഥാനത്ത് നിന്ന് തുടർച്ചയായി ചിത്രങ്ങളെടുക്കും. ഓരോ 30 മിനിറ്റിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചിത്രങ്ങൾ ലഭിക്കും. പ്രത്യേകം നിരീക്ഷണം വേണ്ട സ്‌ഥലത്ത് 5 മിനിറ്റ് ഇടവേളയിൽ ചിത്രങ്ങൾ എടുക്കാൻ വരെ സാധിക്കും.
രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സുരക്ഷാ മേഖലകളിൽ ഇഒഎസ്-05 നൽകുന്ന വിവരങ്ങൾ വലിയ സ്വാധീനം ചെലുത്തും. തൽസമയ വിവരങ്ങൾ ലഭ്യമാകുന്നതോടെ കാലാവസ്‌ഥാ നിരീക്ഷണം, ദുരന്തനിവാരണം, കൃഷി, പരിസ്‌ഥിതി, സുരക്ഷ തുടങ്ങിയ മേഖലകളിൽ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനാകും.
ചുഴലിക്കാറ്റുകൾ, പെട്ടെന്നുണ്ടാകുന്ന മേഘവിസ്‌ഫോടനങ്ങൾ എന്നിവ തൽസമയം നിരീക്ഷിക്കാനും കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും ഇത് സഹായിക്കും. പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ അവയുടെ ഗതി നിരീക്ഷിക്കാനും ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെ സാധിക്കും. ഇന്ത്യയുടെ അതിർത്തികളിലും തന്ത്രപ്രധാന മേഖലകളിലും തുടർച്ചയായ നിരീക്ഷണം സാധ്യമാകുന്നതിനാൽ ദേശീയ സുരക്ഷാ സംവിധാനങ്ങൾക്ക് അനിവാര്യമായ സൈനിക നീക്കങ്ങൾക്കും ഇവ സഹായകമാകും.
ഈ നിർണായക ദൗത്യത്തിലൂടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾ കൂടുതൽ ശക്‌തമായി മുന്നോട്ടുപോകുമെന്ന് വലിയ പ്രതീക്ഷയിലാണ് ഐഎസ്ആർഒ. ഇതോടൊപ്പം നവംബർ മാസത്തോടെ ബഹിരാകാശ കേന്ദ്രത്തിലുള്ള മറ്റൊരു പ്രധാന ഉപഗ്രഹമായ എൻവിഎസ്-03 (NVS-03) വിക്ഷേപിക്കാനും ഐഎസ്ആർഒ ലക്ഷ്യമിടുന്നുണ്ട്.
ഏഴുമാസത്തെ ഇടവേള, അതിഗംഭീരം തിരിച്ചുവരവ്
ഏഴുമാസം നീണ്ട ഇടവേളക്ക് ശേഷമാണ് ഐഎസ്ആർഒ ഒരു ബഹിരാകാശ ദൗത്യം നടപ്പാക്കുന്നത്. ഈ വർഷം ജനുവരി 12ന് നടന്ന പിഎസ്എൽവി- സി62 ദൗത്യത്തിന്റെ പരാജയത്തിന് ശേഷം ഐഎസ്ആർഒ നടത്തുന്ന ആദ്യത്തെ വിക്ഷേപണമാണിത്. അന്ന് റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ തകരാർ കാരണം ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
റോക്കറ്റുകളിലെയും ഉപഗ്രഹ എൻജിനുകളിലെയും തകരാറുകൾ മൂലം 2025, 2026 വർഷങ്ങളിലായി ഐഎസ്ആർഒ നടത്തിയ ആറ് ദൗത്യങ്ങളിൽ മൂന്നെണ്ണവും പരാജയപ്പെട്ടിരുന്നു. പിഎസ്എൽവി-സി62 ദൗത്യത്തിന് മുൻപ് 2025 ജനുവരിയിൽ നടത്തിയ GSLV-F15/NVS-02 ദൗത്യം, മേയിൽ നടത്തിയ PSLV-C61/ EOS-09 എന്നിവ പരാജയത്തിലാണ് കലാശിച്ചത്.
ഈ പരാജയങ്ങൾക്കുള്ള മറുപടിയെന്നോണമാണ് കൂടുതൽ കരുത്തോടെയും കൃത്യതയോടെയും ജിഎസ്‌എൽവി എഫ്17 റോക്കറ്റ് ഉപയോഗിച്ച് ഇഒഎസ്-05 ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നിർണായക ദൗത്യം ശാസ്‌ത്രജ്‌ഞർ പൂർത്തിയാക്കിയത്. മുൻപ് 2021ൽ വിക്ഷേപിച്ച ജിസാറ്റ്-1 (അഥവാ ഇഒഎസ്-03) ഉപഗ്രഹത്തിന്റെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് ഈ പുതിയ ദൗത്യം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































