
കോഴിക്കോട്: ശമ്പള വിതരണം ക്രമപ്പെടുത്തണമെന്നും ശമ്പള കുടിശ്ശിക തീർക്കണമെന്നും ആവശ്യപ്പെട്ട് ‘മാധ്യമം’ ജീവനക്കാർ തുടങ്ങിയ സമരം ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കാൻ നിർബന്ധിതമായെന്ന് ‘മാധ്യമം എംപ്ളോയീസ് കോർഡിനേഷൻ.’
2025 ഒക്ടോബർ 27ന് ആരംഭിച്ച് 2026 ഫെബ്രുവരി 27വരെ നീണ്ടുനിന്ന കഴിഞ്ഞ സമരം അന്നത്തെ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനം അനുസരിച്ചായിരുന്നു താൽക്കാലികമായി നിർത്തിവെച്ചത്.
- മാധ്യമത്തിലെ ശമ്പള കുടിശ്ശികയടക്കമുള്ള എല്ലാ തൊഴിൽ പ്രശ്നങ്ങളെയും കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട് സമർപ്പിക്കാൻ ലേബർ ഓഫീസറെ നിയോഗിക്കും.
- മാർച്ച് 15ന് ഒരു മാസത്തെ പൂർണ ശമ്പളവും ഏപ്രിൽ 15ന് മറ്റൊരു പൂർണ ശമ്പളവും വിതരണം ചെയ്യും.
- ഈ കാലയളവിൽ നടത്തിയ സ്ഥലം മാറ്റങ്ങളിൽ ജീവനക്കാരുടെ ഭാഗം കൂടി കേട്ട് അനുകൂല സമീപനം മാനേജ്മെന്റ് കൈക്കൊള്ളണം.
എന്നിവയായിരുന്നു മന്ത്രിതല യോഗത്തിലെ തീരുമാനം. ഒരു വിഭാഗം ജീവനക്കാർക്ക് അഞ്ചു മാസവും (2025 സെപ്തംബർ, ഒക്ടോബർ, നവംബർ, ഡിസംബർ, 2026 ജനുവരി) മറ്റുള്ളവർക്ക് നാലുമാസവും (2025 ഒക്ടോബർ, നവംബർ, ഡിസംബർ, 2026 ജനുവരി) ആയിരുന്നു അന്ന് കുടിശ്ശികയായി ഉണ്ടായിരുന്നത്.
ഈ ധാരണയനുസരിച്ച് മാർച്ചിലും ഏപ്രിലിലും ഓരോ മാസത്തെ ശമ്പളം മാനേജ്മെന്റ് വിതരണം ചെയ്തെങ്കിലും അതിനുശേഷം കാര്യങ്ങൾ പഴയതിനേക്കാൾ വഷളാകുകയാണ് ചെയ്തത്. മന്ത്രിതല യോഗ തീരുമാനമനുസരിച്ച് സർക്കാർ നിയോഗിച്ച സമിതി കഴിഞ്ഞ ഏപ്രിൽ 27ന് റിപ്പോർട് സമർപ്പിച്ചെങ്കിലും അതിലെ ശുപാർശകൾ നടപ്പാക്കാനും മാനേജ്മെന്റ് തയ്യാറാകുന്നില്ല.
2026 ജനുവരി മാസത്തെ ശമ്പളത്തിൽ നിന്ന് രണ്ട് ഗഡുക്കളായി 10,000 + 10,000ഉം ഓണക്കാലത്ത് 15,000 രൂപയും മാത്രമാണ് മാധ്യമം ജീവനക്കാർക്ക് ലഭിച്ചത്. അവശേഷിക്കുന്ന ജനുവരി മാസത്തെ ശമ്പളവും ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയുള്ള ഏഴ് പൂർണ മാസ ശമ്പളവും നിലവിൽ സ്ഥിരം ജീവനക്കാർക്ക് കുടിശ്ശികയായുണ്ട്.
എന്നാൽ, ഇതേ സ്ഥാപനത്തിൽ ഞങ്ങൾക്കൊപ്പമിരുന്ന് പണിയെടുക്കുന്ന കരാർ ജീവനക്കാർക്ക് എല്ലാ മാസവും കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. ശമ്പളം കൃത്യമായി ലഭിക്കണമെങ്കിൽ രാജിവെച്ച് കരാർ വ്യവസ്ഥയിലേക്ക് മാറാൻ ജീവനക്കാരെ നിർബന്ധിക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്. മറുവശത്താകട്ടെ മാനേജ്മെന്റിന്റെ ഇഷ്ടക്കാർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവുമെല്ലാം തരാതരം നൽകുന്നുമുണ്ട്.
സാമൂഹിക നീതിയെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും മലയാളികളോട് നിരന്തരം സംസാരിക്കുന്ന ഒരു സ്ഥാപനത്തിലാണ് ഈ കൊടിയ ചൂഷണവും മനുഷ്യാവകാശ ലംഘനങ്ങളും ഇരട്ടനീതിയുമെല്ലാം അരങ്ങേറുന്നത്.
ജീവിക്കാൻ ഗതിമുട്ടിയ ഈ സാഹചര്യത്തിലാണ് മാധ്യമം ജീവനക്കാർ സമരം പുനരാരംഭിക്കാൻ നിർബന്ധിതമായതെന്നും ഈ അതിജീവന പോരാട്ടത്തിന് മുഴുവൻ മനുഷ്യരുടെയും പിന്തുണ ഞങ്ങൾ തേടുന്നതായും സമരസമിതിയായ ‘മാധ്യമം എംപ്ളോയീസ് കോർഡിനേഷൻ’ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം നേതൃത്വം നൽകുന്ന ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റ് നയിക്കുന്ന മാധ്യമവും അനുബന്ധ സ്ഥാപനങ്ങളും കച്ചവട ലക്ഷ്യങ്ങൾക്കോ വിപണി സമ്മർദ്ദങ്ങൾക്കോ വഴങ്ങാതെ, മൂല്യാധിഷ്ഠിതമായ മാധ്യമപ്രവർത്തനം ഉറപ്പാക്കും എന്ന പ്രഖ്യാപനത്തോടെയാണ് 1987 ജൂൺ ഒന്നിന് കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്.
കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കൊച്ചി, മലപ്പുറം, കണ്ണൂർ, തൃശൂർ, ബെംഗളൂരു, മാംഗളൂർ, മുംബൈ എന്നീ 10 ഇന്ത്യൻ എഡിഷനുകളും ഒമ്പത് ഗൾഫ് എഡിഷനുകളുമായി മലയാളത്തിൽ 19 എഡിഷനുകളുള്ള ദിനപത്രമാണിപ്പോൾ മാധ്യമം.
Health| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്റൂമിനെ ഗൗരവമായി പരിഗണിക്കുക

































