തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് പിൻമാറാൻ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം, പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്ന് ചില മുതിർന്ന നേതാക്കൾ ഉൾപ്പടെ യോഗത്തിൽ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേർന്നത്.
എത്രയും പെട്ടെന്ന് മുഴുവൻ സമയ കെപിസിസി പ്രസിഡണ്ടിനെ നിയമിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം വേണ്ടത്ര ഫലപ്രദമായി നടക്കുന്നില്ലെന്ന വിമർശനവും ഉയർന്നു. ബോർഡ്, കോർപറേഷൻ മേധാവിമാരുടെ നിയമനം വൈകുന്നതിൽ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു.
നൂറുദിവസം കഴിഞ്ഞിട്ടും പാർട്ടിയിൽ നിന്നുള്ളവർക്കും നിയമനം നൽകാൻ കഴിഞ്ഞിട്ടില്ല. ഘടക കക്ഷികൾക്കുള്ള അതൃപ്തിയും ചില നേതാക്കൾ ചൂണ്ടിക്കാട്ടി. 15 ദിവസത്തിനുള്ളിൽ ബോർഡ്, കോർപറേഷൻ നിയമനങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറുദിവസത്തെ പ്രവർത്തനം മികച്ചതാണെന്നും യോഗം വിലയിരുത്തി.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































