തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്‌ഥാനത്തിന് പിൻമാറാൻ സാധിക്കില്ലെന്നും, പിൻമാറാൻ കേന്ദ്ര സർക്കാരിന് മാത്രമേ അവകാശമുള്ളൂവെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ പല ഇനത്തിലായി രണ്ടായിരം കോടി രൂപയോളം സംസ്‌ഥാനത്തിന് നഷ്‌ടമാകുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിലെ ചോദ്യോത്തര വേളയിൽ പ്രവീൺ കുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പദ്ധതിയിലൂടെ 152 ബ്ളോക്കുകളിൽ 304 സ്‌കൂളുകൾക്ക് ഒരുകോടി രൂപ വീതം മൂന്നുവർഷത്തേക്കാണ് കിട്ടുക. 900 കോടിയിൽപ്പരം രൂപയാണ് സംസ്‌ഥാനത്തിന് ലഭിക്കുക. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ ഈ തുക കിട്ടില്ല.
മാത്രമല്ല, പിൻമാറുന്നതിന്റെ പേരിൽ അന്യായമായി മറ്റു കേന്ദ്രഫണ്ടുകൾ തടഞ്ഞുവെക്കുന്നതിലൂടെയും തുകകൾ നഷ്‌ടമായേക്കാം. അങ്ങനെ ഫണ്ടുകൾ തടഞ്ഞുവെക്കുന്നു എന്നത് ഒരു വസ്‌തുതയാണ്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിടാൻ നിർബന്ധിതമായതും ആ ഫണ്ട് പ്രതീക്ഷിച്ചു കൊണ്ടുതന്നെയാണ്. ആ ഇനത്തിൽ എസ്എസ്‌കെയ്‌ക്ക് ലഭിക്കാനുള്ള 1150 കോടി രൂപയും കിട്ടാതെ പോകും. അങ്ങനെ വരുമ്പോൾ ഒപ്പിടാത്തതിന്റെ പേരിൽ രണ്ടായിരം കോടിയോളം രൂപ സംസ്‌ഥാനത്തിന് നഷ്‌ടമാകുന്ന സ്‌ഥിതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളിന് ഒരുകോടി രൂപയാണ് ലഭിക്കുക. തദ്ദേശ സ്വയംഭരണ ബ്ളോക്കുകളിൽ ഒരു എലമെന്ററി സ്‌കൂളും സെക്കൻഡറി സ്‌കൂളുമാണ് പദ്ധതിക്കായി തിരഞ്ഞെടുക്കേണ്ടത്. 40 ശതമാനം കേരളവും 60 ശതമാനം കേന്ദ്രവുമാണ് നൽകേണ്ടത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തിയതായോ വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ചതായോ അറിയാൻ കഴിഞ്ഞിട്ടില്ല. സർക്കാർ രൂപീകരിച്ച സെക്രട്ടറിമാരുടെ സമിതി യോഗം ചെയുകയും പദ്ധതിയിൽ ഒപ്പുവെക്കാവുന്നതാണെന്ന് അവർ സർക്കാരിന് ഉപദേശം നൽകുകയും ചെയ്‌തിട്ടുള്ളതായാണ് രേഖകളിൽ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































