ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം രാഷ്‍ട്രപതി ദ്രൗപതി മുർമ്മുവുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്‌തമായത്.
ധനമന്ത്രി നിർമല സീതാരാമൻ, വിദ്യാഭാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും പാർട്ടിയുടെ രാഷ്‌ട്രീയ സമവാക്യങ്ങളും മുൻനിർത്തി വൻ അഴിച്ചുപണിക്കാണ് ബിജെപി ഒരുങ്ങുന്നത്.
ധർമ്മേന്ദ്ര പ്രധാൻ, ഹർദീപ് സിങ് പുരി എന്നിവർക്ക് മന്ത്രിസ്‌ഥാനം നഷ്‌ടമാകുമെന്ന അഭ്യൂഹങ്ങൾ ശക്‌തമാണ്. ഇവരെ പാർട്ടി സംഘടനാ ചുമതലകളിലേക്ക് മാറ്റിയേക്കും. മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. സജീവമായ പാർട്ടി പ്രവർത്തനവും യുവനേതൃത്വമെന്ന നിലയിലുള്ള പ്രതിച്ഛായയുമാണ് അദ്ദേഹത്തിന് അനുകൂലമാകുന്നത്.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ആർബിഐ ഗവർണറുമായി ശക്‌തികാന്ത ദാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആലോചനയുള്ളതായാണ് റിപ്പോർട്. സാമ്പത്തിക വിദഗ്‌ധനായ അദ്ദേഹത്തിന് നിർണായക വകുപ്പ് നൽകിയേക്കുമെന്നാണ് വിവരം.
മഹാരാഷ്‌ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ ആറ് എംപിമാരെ കൂറുമാറ്റി ഷിൻഡെ പക്ഷത്തേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശിവസേന (ഷിൻഡെ വിഭാഗം) നേതാവ് ശ്രീകാന്ത് ഷിൻഡെ മന്ത്രിസഭയിലേക്ക് എത്തിയേക്കും. മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ നീക്കത്തിന് രാഷ്‌ട്രീയ പ്രാധാന്യമേറെയാണ്.
ആംആദ്‌മി പാർട്ടി വിട്ട് ബിജെപി പാളയത്തിലെത്തിയ പ്രമുഖ നേതാക്കളായ രാഘവ് ഛദ്ദ, അശോക് മിത്തൽ എന്നിവരെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായാണ് വിവരം. പഞ്ചാബ്, ഡെൽഹി എന്നിവിടങ്ങളിൽ എഎപിക്ക് രാഷ്‌ട്രീയമായി തിരിച്ചടി നൽകുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. മന്ത്രിസഭാ പുനഃസംഘടന അടുത്ത ആഴ്‌ച തന്നെ ഉണ്ടാകുമെന്നാണ് സൂചന.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































