തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കോർപറേഷൻ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയറുടെ ഓഫീസ് എൽഡിഎഫ് കൗൺസിലർമാർ ഉപരോധിച്ചു.
മേയർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ കടുത്ത ഉന്തിലും തള്ളിലുംപ്പെട്ട് മേയർ വിവി. രാജേഷും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീണു. മേയറുടെ വരവോടെ നഗരസഭയ്ക്കുള്ളിലും പുറത്തും വലിയ തോതിലുള്ള അടിയും സംഘർഷവുമാണ് അരങ്ങേറിയത്. ബിജെപി കൗൺസിലർമാർ പ്രതിരോധവുമായി രംഗത്തെത്തിയതോടെ സംഘർഷം രൂക്ഷമായി.
ഉന്തിലും തള്ളിലും സിപിഎം വനിതാ കൗൺസിലർക്ക് പരിക്കേറ്റു. മേയറെ ഓഫീസിൽ കയറ്റില്ലെന്ന് പറയാൻ എൽഡിഎഫിന് ആരാണ് അധികാരം നൽകിയതെന്ന് മേയർ വിവി. രാജേഷ് ചോദിച്ചു. അത്തരം അക്രമങ്ങൾ അംഗീകരിക്കില്ലെന്നും ബിജെപി കൗൺസിലർമാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും മേയർ പറഞ്ഞു.
കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ. സുഗതൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സമരം നടത്തുന്നതിനിടെയാണ് ഇന്നലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്.
ബിജെപി കൗൺസിലർമാർ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അസാധുവായി എന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മേയറും ഡെപ്യൂട്ടി മേയറും രാജിവെച്ചു വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































