ന്യൂയോർക്ക്: മനുഷ്യന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണങ്ങൾക്കായി ഡോ. അനിൽ മേനോനും സംഘവും യാത്ര തിരിച്ചു. ഇന്ത്യൻ സമയം 8.17ന് കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മാഡ്രാമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അനിൽ മേനോനും സംഘവും കുതിച്ചുയർന്നു.
സോയൂസ് 2.1 എ റോക്കറ്റിലാണ് പേടകത്തെ വിക്ഷേപിച്ചത്. റഷ്യക്കാരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന് ഒപ്പമുണ്ട്. ഏകദേശം എട്ടുമാസത്തോളം സംഘം ബഹിരാകാശത്ത് കഴിയും. ഇതോടെ, ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന നേട്ടവും അനിൽ മേനോന് സ്വന്തമാകും.
അനിലിന്റെ പേടകമായ സോയൂസ് പ്രോഗ്രസ് രാത്രി 11.30 കഴിഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് കവാദവുമായി ബന്ധിക്കപ്പെടും (ഡോക്കിങ്). നാളെ പുലർച്ചെ ഒരുമണിയോടെ കവാടങ്ങൾ തുറക്കും (ഹാച്ചിങ്). ഒന്നരയോടെ അനിലും സംഘവും നിലയത്തിലേക്ക് തിരിക്കും. 2027 മാർച്ചിൽ ഇതേ പേടകത്തിൽ തന്നെയാണ് സംഘം മടങ്ങുക.
ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ മേനോൻ. പാതി മലയാളിയായ ഇദ്ദേഹം ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പിതാവ് ശങ്കരൻ മേനോൻ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. ഹാർവാർഡിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടിയ അനിൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്ളൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായിരുന്നു. യുഎസ് വ്യോമസേനയിൽ കേണൽ ആയിരുന്നു. 2014ലാണ് അനിൽ മേനോൻ നാസയിൽ ഫ്ളൈറ്റ് സർജനായെത്തുന്നത്. എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറായ അദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. സ്പേസ് എക്സ് ജീവനക്കാരിയായ അന്ന മേനോനാണ് ഭാര്യ.
2021 ഡിസംബറിലാണ് അനിൽ മേനോനെ നാസ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുത്തത്. തുടർന്ന് രണ്ടുവർഷത്തെ കഠിന പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ ദൗത്യം ലഭിച്ചത്. ദൗത്യത്തിനിടെ ദീർഘകാല ബഹിരാകാശ വാസം മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് അനിൽ മേനോൻ നേതൃത്വം നൽകും.
രക്തയോട്ടം, സിരകളുടെ ഘടന, മൈക്രോഗ്രാവിറ്റിയിൽ രക്തത്തിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ. ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഇൻട്രാവീനസ് ദ്രാവകങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയും അദ്ദേഹം പരീക്ഷിക്കും.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്



































