മലപ്പുറം: മൂന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിലും അടിപിടിയിലുംപെട്ട് റോഡിൽ തലയിടിച്ചു വീണയാൾ മരിച്ചു. മലപ്പുറം മൂന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ (52) ആണ് മരിച്ചത്. സംഭവത്തിൽ കുന്നത്തുപറമ്പ് സ്വദേശി ലത്തീഫ് എന്നയാളെ തിരൂരങ്ങാടി പോലീസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈമാസം എട്ടിനായിരുന്നു സംഭവം. രാത്രി പത്തുമണിയോടെ മൂന്നിയൂർ കുന്നത്തുപറമ്പിലെ ഒരു കടയിൽ ഫൈസലും ലത്തീഫും കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു. അഞ്ച് കോഴിമുട്ട വേണമെന്ന് പറഞ്ഞാണ് ഇരുവരും എത്തിയത്. എന്നാൽ, രണ്ടുപേർക്കും നൽകാനുള്ള കോഴിമുട്ട ഇവിടെ ഇല്ലായിരുന്നു.
കടയിൽ ഉണ്ടായിരുന്ന ആറ് മുട്ട രണ്ടുപേർക്കും കൂടി മൂന്നെണ്ണം വെച്ച് തരാമെന്ന് കടക്കാരൻ പറഞ്ഞെങ്കിലും ഇരുവരും അതിന് തയ്യാറാകാത്തതാണ് വാക്കുതർക്കത്തിലേക്ക് കടന്നത്. കോഴിമുട്ടയുമായി ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടെ ഫൈസൽ ശേഷിച്ച ഒരു മുട്ട ലത്തീഫിന് നേരെ എറിഞ്ഞു. ഇതേത്തുടർന്നുണ്ടായ അടിപിടിക്കിടെ ലത്തീഫ് ഫൈസലിനെ പിടിച്ചുതള്ളി.
റോഡിലേക്ക് തലയിടിച്ച് വീണ ഫൈസലിനെ ഉടൻ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിൽസ നൽകിയ ശേഷം വീട്ടിൽ എത്തിയ ശേഷവും തലവേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ടതോടെ കോട്ടയ്ക്കലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ കഴിഞ്ഞദിവസം മരിക്കുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ തലയിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ലത്തീഫിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
Most Read| നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി







































