കോഴിക്കോട്: കല്ലാച്ചി വിഷ്‌ണുമംഗലം പുഴയിൽ ബണ്ടിന് സമീപം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ടൗണിന് സമീപം ഇടിക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്‌ജിത്തിന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. പുലർച്ചെ കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും സ്‌കൂട്ടറിൽ പോയതായിരുന്നു രഞ്‌ജിത്ത്.
എന്നാൽ, തിരികെ വന്നില്ല. പുലർച്ചെ 5.30ന് രഞ്‌ജിത്തിന്റെ സ്‌കൂട്ടറും ചെരിപ്പും കുടയും പുഴയുടെ സമീപം നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും നാദാപുരത്ത് നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേർന്ന് രാവിലെ 8.30ന് ആരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് വളയം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക സബീനയാണ് ഭാര്യ.
Most Read| നെൻമാറ ഇരട്ടക്കൊല; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 15ന്

































