തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ എസ്ഐടിയോട് കൂടുതൽ കാര്യങ്ങളിൽ വിശദീകരണം തേടി ഡിജിപി റവാഡ ചന്ദ്രശേഖർ.
എസ്ഐടി റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കുറച്ചുകൂടി വ്യക്തത വേണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. ഇതോടെ റിപ്പോർട് ഡിജിപി മടക്കി. വ്യക്തത ആവശ്യമുള്ള ഭാഗങ്ങളിൽ തുടരന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട് സമർപ്പിക്കാനും ഡിജിപി നിർദ്ദേശം നൽകി.
2023 ഡിസംബർ അഞ്ചിന് വൈകീട്ട് നവകേരള സദസ് പരിപാടിക്ക് വന്ന മുഖ്യമന്ത്രിയുടെ ബസിന് മുന്നിൽ ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷന് സമീപം പ്രതിഷേധിച്ച കെഎസ്യു ജില്ലാ പ്രസിഡണ്ട് എഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ ഗൺമാനും സംഘവും ചേർന്ന് മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽകുമാർ, അകമ്പടി സേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. കേസ് അട്ടിമറിക്കാൻ ഇടപെട്ടത് അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ. അജിത് കുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട് നൽകിയിരുന്നു.
ഈ റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടിയിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്നതിലാണ് ഡിജിപി നിയമോപദേശം തേടിയത്. കേസ് അട്ടിമറിക്കാൻ അജിത് കുമാർ ശ്രമിച്ചതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ഇതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടായില്ല. റിപ്പോർട് ലഭിച്ചാൽ ഉടൻ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി






































