ന്യൂഡെൽഹി: ഇന്ത്യയിൽ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം. രാജ്യത്ത് നിരോധിക്കപ്പെട്ട ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കാനായി ആളുകൾ വിപിഎൻ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് തടയാനാണ് നീക്കം.
2021ലെ ഐടി നിയമപ്രകാരം വലിയ സാമൂഹിക മാദ്ധ്യമങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾക്ക് സമാനമായ സുരക്ഷാചട്ടക്കൂടാണ് വിപിഎൻ സേവനദാതാക്കൾക്കും ബാധകമാക്കാൻ പോകുന്നത്. വിപിഎൻ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഓഫീസ് തുറക്കേണ്ടി വരുമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന തീരുമാനം.
മാത്രവുമല്ല, അന്വേഷണ ഏജൻസികളുമായും സർക്കാരുമായും സഹകരിക്കുന്നതിനായി പ്രത്യേക കംപ്ളയൻസ് ഓഫീസർമാരെ കമ്പനികൾ ഇന്ത്യയിൽ തന്നെ നിയമിക്കണം. നിയമം പാലിക്കാൻ തയ്യാറായില്ലെങ്കിൽ പ്രാദേശിക ജീവനക്കാർക്ക് ജയിൽശിക്ഷ ഉൾപ്പടെയുള്ള കർശന നിയമനടപടികൾ നേരിടേണ്ടി വരും.
നേരത്തെ, 2022ൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം വിപിഎൻ കമ്പനികളോട് ഉപയോക്‌താക്കളുടെ വിവരങ്ങൾ (പേര്, ഇ-മെയിൽ, ഫോൺ നമ്പർ ഐപി അഡ്രസ് എന്നിവ) കുറഞ്ഞത് അഞ്ചുവർഷത്തേക്കെങ്കിലും സൂക്ഷിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, തങ്ങളുടെ സ്വകാര്യതാ നയങ്ങൾക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രോട്ടോൺ വിപിഎൻ, എക്‌സ്‌പ്രസ് വിപിഎൻ, നോർഡ് വിപിഎൻ തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഇന്ത്യയിലെ ഫിസിക്കൽ സെർവറുകൾ പിൻവലിക്കുകയായിരുന്നു.
ഈ കമ്പനികൾ ഇപ്പോൾ സിംഗപ്പൂരിലെ സെർവറുകൾ വഴിയാണ് ഇന്ത്യയിൽ നിന്നുള്ള ഇന്റർനെറ്റ് ട്രാഫിക് തിരിച്ചുവിടുന്നത്. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഇന്ത്യയിൽ ടെലഗ്രാം താൽക്കാലികമായി നിരോധിച്ചപ്പോൾ ഇന്ത്യയിൽ നിന്നുള്ള പുതിയ വിപിഎൻ രജിസ്‌ട്രേഷനുകളിൽ 120 ശതമാനത്തിലധികം വർധനവ് ഉണ്ടായിരുന്നു.
Most Read| ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി; ജീവിതം ഹാപ്പിയെന്ന് നെസ്രിൻ




































