ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകുന്ന അപൂർവയിനം പൂവ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ, അങ്ങനെയൊരു പൂവുണ്ട്. ‘കാട്ടിലെ പ്രേതങ്ങൾ’ എന്നറിയപ്പെടുന്ന ‘ഫോറസ്റ്റ് ഗോസ്റ്റ്’ എന്ന മനോഹര പുഷ്പങ്ങളാണ് അവ.
പശ്ചിമഘട്ടത്തിലെ കാടുകളിലും ഹിമാലയത്തിലും കാണപ്പെടുന്ന ഇവ അപൂർവമായേ മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാറുള്ളൂ. കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിലാണ് ഈ അപൂർവ പൂ വിരിഞ്ഞത്. മഴക്കാലത്ത് മാത്രം കിളിർക്കുന്ന പരാദസസ്യമാണ് ഇവ.
പുലിക്കുരുമ്പ സ്വദേശിയായ പ്രകൃതി നിരീക്ഷകൻ ജോർജ് മുട്ടത്തിലാണ് പാലക്കയംതട്ടിലെ കാടുകളിൽ പൂവിട്ട ഫോറസ്റ്റ് ഗോസ്റ്റിന്റെ ചിത്രം പകർത്തിയത്. ഓറോബങ്കേസി സസ്യകുടുംബത്തിൽപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Aeginetta indica എന്നാണ്.
ചെങ്കുമിൾ, ഗോസ്റ്റ് പൈപ്പ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. മൺസൂണിൽ നനവുള്ള സ്ഥലങ്ങളിൽ മറ്റു സസ്യങ്ങളുടെ വേരുകളിലാണ് ഇവ വളരുന്നത്. ഇലകൾ ഉണ്ടാവില്ല. ഇതിന്റെ പൂവും വേരും ഔഷധഗുണമുള്ളതാണ്. ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകുന്നത് കൊണ്ടാകാം ഇവരെ ഫോറസ്റ്റ് ഗോസ്റ്റ് ഫ്ളവർ എന്ന് വിളിക്കുന്നതെന്ന് കരുതുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































