പുതുമുഖങ്ങളെ വെച്ച് സിനിമയൊരുക്കുന്നത് വലിയ വെല്ലുവിളി; ശ്രീജിത്ത് എം നായര്‍

തന്റെ പുതിയ ചിത്രമായ 'ആരംഭം ഒരു അല്‍ബാനിയോ കഥ'യുടെ റിലീസുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്സ് ക്ളബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് സംവിധായകന്‍ ശ്രീജിത്ത്, മലയാള സിനിമയിൽ പുതുമുഖങ്ങളെ മാത്രം വെച്ച് സിനിമ ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന അവഗണനകളെ കുറിച്ചും തിയേറ്റർ ലഭ്യത അടക്കമുള്ള പ്രതിസന്ധികളെ കുറിച്ചും തുറന്നുപറഞ്ഞത്.

By Senior Reporter, Malabar News
Director Sreejith M. Nair Press Meet
'ആരംഭം ഒരു അല്‍ബാനിയോ കഥ' സിനിമയുടെ അണിയറ പ്രവർത്തകർ എറണാകുളം പ്രസ്സ് ക്ളബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് / Image Courtesy: Press Release / Cropped by Team MN

കൊച്ചി: മലയാള സിനിമയിൽ വലിയ താരനിരയില്ലാതെ പുതുമുഖങ്ങളെ മാത്രം വെച്ച് സിനിമ ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന അവഗണനകളെ കുറിച്ചും തിയേറ്റർ ലഭ്യത അടക്കമുള്ള പ്രതിസന്ധികളെ കുറിച്ചും തുറന്നുപറഞ്ഞ് യുവ സംവിധായകന്‍ ശ്രീജിത്ത് എം നായര്‍. പുതുമുഖങ്ങളെ അണിനിരത്തി സിനിമയൊരുക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ശ്രീജിത്ത് പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ‘ആരംഭം ഒരു അല്‍ബാനിയോ കഥ’യുടെ റിലീസുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്സ് ക്ളബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും പുതുമുഖങ്ങളാണ്. സിനിമ എല്ലാവരുടെയും വലിയ സ്വപ്‌നമാണ്. സിനിമയില്‍ മുഖം കാണിക്കാനും പ്രവര്‍ത്തിക്കാനും ചെറുപ്പക്കാര്‍ക്ക് ഏറെ താൽപര്യമാണ്. അതുകൊണ്ടാണ് ഞാന്‍ പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി സിനിമയൊരുക്കിയതെന്നും പക്ഷേ ഒത്തിരി പ്രയാസങ്ങള്‍ ഇത് മൂലം താൻ അനുഭവിച്ചുവെന്നും ശ്രീജിത്ത് വെളിപ്പെടുത്തി.

ചിത്രീകരണം മുതല്‍ റിലീസ് വരെ നിരവധിയായ തടസങ്ങളാണ് ഉണ്ടായത്. പുതുമുഖങ്ങളുടെ സിനിമയോട് ഒരു തരം അയിത്തമാണ്. തിയേറ്റര്‍ കിട്ടുന്ന കാര്യത്തിലും മാദ്ധ്യമങ്ങളുടെ അടക്കം പരിഗണന ലഭിക്കുന്നതിനും ഏറെ പ്രയാസമാണ്. എന്നാല്‍ താന്‍ ഇനിയും പുതുമുഖങ്ങളെ വെച്ച് സിനിമയൊരുക്കുമെന്നും ശ്രീജിത്ത് പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ കെഎന്‍ ബേത്തൂര്‍, എല്‍ദോ ഔസേഫ്, ജിന്‍സണ്‍ മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

വനശ്രീ ക്രിയേഷന്‍സ്, ഒഎംസി എന്റർടെയ്‌ൻമെന്റ്സ് എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ‘ആരംഭം ഒരു അല്‍ബാനിയോ കഥ’ ഒക്ടോബര്‍ 9ന് (നാളെ) കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഹൃദയസ്‌പര്‍ശിയായ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ചിത്രം, എല്ലാ വിഭാഗം പ്രേക്ഷകരെയും രസിപ്പിക്കുന്നതായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

Aarambham Oru Albanio Katha Movie Poster
‘ആരംഭം ഒരു അല്‍ബാനിയോ കഥ’ മൂവി പോസ്‌റ്റർ

വടക്കന്‍ കേരളത്തിലെ ചുറ്റുപാടിലാണ് സിനിമ ചിത്രീകരിച്ചത്. നിധിന്‍രാജ് , ഫാരിസ് സല്‍മാന്‍, അഗസ്‌റ്റി ജോസ്, വിജേഷ് വെൺമണല്‍ തുടങ്ങിയ പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അഭിനയിക്കുന്നത്. ഇവരെ കൂടാതെ ഒരു വൻ യുവതാരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീജിത്ത് എം നായരും രാഗേഷ് ദിപുവും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

ഛായാഗ്രഹണം- സജു ആദിത്യ, അമൽ തങ്കച്ചൻ, റോജിത് രവീന്ദ്രൻ, ചിത്രസംയോജനം- വിശാഖ് ജെഎൽ, ഗാനരചന- സിന്ധു എസ് കുറുപ്പ്, അജിത് കെ ജോസഫ്, സുനിൽ രാമചന്ദ്രൻ, സംഗീതം& പശ്‌ചാത്തല സംഗീതം- ജയകാർത്തി, കലാസംവിധാനം- അനീഷ് ധ്രുവ്, ഗ്രാഫിക്‌സ്- ബിജു സേവിയർ, വസ്‌ത്രാലങ്കാരം- സിന്ധു എസ് കുറുപ്പ്, നൃത്തസംവിധാനം- അമിത ദിനേശൻ, പിആർഒ- പിആർ സുമേരൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE