ന്യൂഡെൽഹി: വിമാനക്കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി സുപ്രീം കോടതി. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെപ്പിക്കുമെന്നാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. അമിത ടിക്കറ്റ് നിരക്കിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് കോടതി ഇടപെടൽ.
നിലവിൽ വിമാന ടിക്കറ്റ് നിരക്കിലെ വലിയ വ്യതിയാനങ്ങളും യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന അധിക ചാർജുകളും സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി വിമാന നിരക്കിൽ കൂടുതൽ നിയന്ത്രണം വേണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
പുതിയ ചട്ടങ്ങളിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഉൾപ്പെടുന്നത്. വിമാന ടിക്കറ്റ്, സർജ് പ്രൈസിങ്, അധിക ബാഗേജ് ചാർജുകൾ. അതേസമയം, പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതുവരെ വ്യോമയാന മന്ത്രാലയം നിലവിലുള്ള ഓഫീസ് മെമ്മോറാണ്ടങ്ങൾ അടിസ്‌ഥാനമാക്കിയാണ് വിമാനക്കമ്പനികളുടെ നിരക്ക് നിയന്ത്രിക്കുന്നത്.
എന്നാൽ, ഈ നിർദ്ദേശങ്ങൾ പല എയർലൈനുകളും പാലിക്കുന്നില്ലെന്നാണ് ഹരജിക്കാരുടെ ആരോപണം. ഇതിനെ തുടർന്നാണ് നിയമങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയത്. കേസ് സെപ്‌തംബർ ഏഴിന് വീണ്ടും പരിഗണിക്കും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































