
പട്ന: ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രസ്തമായ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഏഴുമരണം. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശൈവ വിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ആരാധനയ്ക്കായി വൻതോതിൽ ഭക്തർ ഒത്തുകൂടിയതാണ് ദുരന്തത്തിന് കാരണമായത്.
ട്രെയിനുകളിൽ ക്ഷേത്രത്തിലേക്ക് വലിയതോതിൽ ഭക്തർ എത്തിയതാണ് ദുരന്തത്തിലേക്ക് വഴിതെളിച്ചത്. ഇന്ന് രാവിലെ 6.30നും 6.45നുമിടയിൽ രണ്ട് ട്രെയിനുകളിൽ ഭക്തർ എത്തിയതോടെ ക്ഷേത്ര പരിസരത്തെ ജനക്കൂട്ടം അനിയന്ത്രിതമായി വർധിച്ചു.
തിരക്ക് വർധിച്ചതിനെ തുടർന്ന് ക്ഷേത്രത്തിന് പുറത്തുള്ള ബാരിക്കേഡ് തകരുകയും ആളുകൾ പരസ്പരം മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് ലഖിസരായ് ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ അറിയിച്ചു.
പരിക്കേറ്റ 15ഓളം പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ഭരണകൂടം രക്ഷാപ്രവർത്തനങ്ങൾക്കും ആൾക്കൂട്ട നിയന്ത്രണത്തിനും നേതൃത്വം നൽകുന്നുണ്ട്. സംഭവം അങ്ങേയറ്റം ദാരുണമാണെന്ന് വിശേഷിപ്പിച്ച ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി, പരിക്കേറ്റവർക്ക് കൃത്യമായ ചികിൽസ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം
































