മലപ്പുറം: നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള. കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കും ഈട്ടിയും ഉൾപ്പടെയുള്ള മരങ്ങൾ കടത്തിയെന്നാണ് വിവരം. ഏഴ് ഏക്കർ വരുന്ന വനഭൂമിയിൽ നിന്ന് 23 മരങ്ങളാണ് മുറിച്ചു കടത്തിയത്.
രണ്ടാഴ്ച മുമ്പാണ് കൊള്ള നടന്നത്. വനത്തിൽ നിന്ന് മരങ്ങൾ മുറിച്ച് ട്രാക്ടറിൽ കടത്തുകയായിരുന്നു. സംഭവത്തിൽ വനംവകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നുണ്ട്. മുത്തപ്പൻകുന്ന് മേഖലയിലേക്ക് വാഹനങ്ങൾ എത്തിപ്പെടാൻ ഏറെ പ്രയാസമാണ്. എന്നിട്ടും ഈ ദുർഘടമായ പ്രദേശത്ത് നിന്ന് മണിക്കൂറുകൾ എടുത്താണ് മരങ്ങൾ മുറിച്ച് ട്രാക്ടറിൽ കടത്തിക്കൊണ്ടുപോയത്. ഈ സംഭവം ദിവസങ്ങൾക്ക് ശേഷമാണ് വനംവകുപ്പ് അധികൃതർ അറിയുന്നത്.
പ്രദേശത്ത് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മരം മുറിച്ചുകടത്തിയ വിവരം പുറത്തറിയുന്നത്. എന്നാൽ, ആരാണ് മരം കടത്തിയതെന്നോ, ഇതിന് പിന്നിൽ ആരെല്ലാമാണെന്നോ എങ്ങോട്ടാണ് ഇവ കൊണ്ടുപോയതെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം; ചരിത്രം കുറിച്ച് നീരു ദണ്ഡ




































