പത്തനംതിട്ട: മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യ വിമർശനത്തിൽ ഉറച്ചു യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ്. മുന്നണിക്കുള്ളിൽ പ്രശ്‌നങ്ങളില്ല. വിമർശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണെന്നും ആരുടെയും പിന്തുണയ്‌ക്ക് വേണ്ടിയല്ല പ്രതികരിച്ചതെന്നും അടൂർ പ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആർക്കും സ്‌ഥാനമാനങ്ങൾ കൊടുത്തതിൽ താൻ എതിരല്ല. എംകെ മുനീറായാലും ജി ദേവരാജനായാലും മികച്ച നേതാക്കൾ തന്നെയാണ്. അവർ മുന്നണിയെ അധികാരത്തിൽ കൊണ്ടുവരാൻ അധ്വാനിച്ച നേതാക്കളാണ്. എന്നാൽ, ചില കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളിൽ തനിക്ക് പ്രതികരിക്കാനാകില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങൾ എനിക്ക് പ്രതികരിക്കാനാവില്ല. താൻ പറഞ്ഞ കാര്യങ്ങൾ ആരും തള്ളിക്കോട്ടെ. വിമർശന ചേരിയിൽ ഞാനൊറ്റയ്‌ക്കാണ്. പരാതി എഐസിസിയെ അറിയിക്കും. മുഖ്യമന്ത്രിയുമായി ഒരു തർക്കവുമില്ല. കെപിസിസി പ്രസിഡണ്ടിന്റെ കാര്യം എഐസിസി തീരുമാനിക്കട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു.
എംകെ മുനീറിനും ജി ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതുൾപ്പടെ പല കാര്യങ്ങളും യുഡിഎഫിൽ ചർച്ച ചെയ്യാതെയാണ് തീരുമാനിക്കുന്നതെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്‌തി അറിയിക്കുമെന്നും പറഞ്ഞാണ് അടൂർ പ്രകാശൻ ഇന്നലെ പരസ്യപ്രതികരണം നടത്തിയത്. മുഖ്യമന്ത്രി വിഡി സതീശനെതിരായ നിലപാടുകളാണ് അദ്ദേഹം പങ്കുവെച്ചത്.
പല കാര്യങ്ങളും മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇത് ദുഃഖകരമാണ്. യുഡിഎഫ് യോഗം ചേരുന്നില്ല. പല വിഷയങ്ങളിലും ചോദ്യം ഉയരുമ്പോൾ മറുപടി പറയാൻ കഴിയാത്ത അവസ്‌ഥയാണ്. വിഷയങ്ങൾ ഇനി മറച്ചുവച്ചിട്ട് കാര്യമില്ലെന്ന് തോന്നുന്നത് കൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. ചാർട്ടേഡ് വിമാനയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ മറുപടി പറയണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി


































