കൊച്ചി: കേരളത്തിൽ രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി ഇന്ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ 32ആം പ്രതിയും സംസ്‌ഥാന കമ്മിറ്റി അംഗം ടിവി രാജേഷ് 33ആം പ്രതിയുമാണ്.
സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പടെ 33 പേരാണ് പ്രതികൾ. രണ്ടുപേർ മരിച്ചതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്. 17 മാസം നീണ്ടുനിന്ന വിചാരണയിൽ 41 സാക്ഷികളെയാണ് വിസ്‌തരിച്ചത്. പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷൻ ഒരു സാക്ഷിയെയും അധികമായി ഹാജരാക്കി. 81 സാക്ഷികളാണ് സിബിഐ കുറ്റപത്രത്തിൽ ഉണ്ടയായിരുന്നത്.
ഷുക്കൂർ വധക്കേസ് നടക്കുന്നത് 2012 ഫെബ്രുവരി 20നാണ്. കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവയിൽ വെച്ചാണ് എംഎസ്എഫ് നേതാവ് അരീയിൽ അബ്‌ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഷുക്കൂർ അടക്കമുള്ളവർ കല്ലെറിഞ്ഞതിന്റെ പ്രതികാരമാണ് കൊലയ്‌ക്ക് കാരണമെന്നാണ് സിബിഐ കണ്ടെത്തിയത്.
അതേസമയം, ഷുക്കൂർ വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെഎം ഷാജി പ്രതികരിച്ചു. പി ജയരാജനും ടിവി രാജേഷും ഗൂഢാലോചന നടത്തിയെന്ന് നൂറുശതമാനം ഉറപ്പാണ്. വിധിയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പല സാക്ഷികളെയും സിപിഎം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എല്ലാ സാക്ഷികളെയും കൊണ്ടുവരാൻ തീവ്രശ്രമം നടത്തിയിട്ടുണ്ടെന്നും കെഎം ഷാജി വ്യക്‌തമാക്കി.
Most Read| മൽസ്യ തൊഴിലാളികൾക്ക് ആശ്വാസം; അപകട ഇൻഷുറൻസ് 15 ലക്ഷമാക്കി ഉയർത്തി






































