ഫസല്‍ വധക്കേസ്; പ്രധാന തെളിവായ രക്‌തംപുരണ്ട തൂവാല കണ്ടെടുത്തു

എറണാകുളം സിജെഎം കോടതിയിൽ നിന്ന് കാണാതായ തൊണ്ടിമുതലാണ് കണ്ടുകിട്ടിയിരിക്കുന്നത്. തൂവാല എലി കരണ്ടുപോയി എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

By Senior Reporter, Malabar News
Fazal Murder Case

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ നിർണായക വഴിത്തിരിവ്. കോടതിയിൽ നിന്ന് കാണാതായ പ്രധാന തൊണ്ടിമുതലായ രക്‌തംപുരണ്ട തൂവാല കണ്ടെടുത്തു. കസ്‌റ്റഡിയിൽ എടുത്ത ശേഷം പിന്നീട് എറണാകുളം സിജെഎം കോടതിയിൽ നിന്ന് കാണാതായ തൊണ്ടിമുതലാണ് കണ്ടുകിട്ടിയിരിക്കുന്നത്.

തൂവാല കാണാതായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി എറണാകുളം സിജെഎം കോടതിയോട് വിശദീകരണം തേടിയിരുന്നു. കേസിലെ നിർണായക തെളിവായ തൂവാല എലി കരണ്ടുപോയി എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, കോടതിയിൽ നടത്തിയ വിശദമായ പരിശോധനയിൽ ഈ തൂവാല കണ്ടെത്തി എന്നാണ് ഇപ്പോൾ കോടതിയിൽ നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

സിബിഐ കോടതിയിൽ വിചാരണക്കിടെയാണ് ഈ തൂവാല ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഈ നിർദ്ദേശപ്രകാരം ഹാജരാക്കിയ കവറിൽ തൂവാല ഉണ്ടായിരുന്നില്ല. പകരം തൂവാല എലി കരണ്ടുകൊണ്ടുപോയതാകാമെന്ന കുറിപ്പായിരുന്നു ഉണ്ടായിരുന്നത്. ഈ വാദം കോടതി മുഖവിലയ്‌ക്ക് എടുത്തിരുന്നില്ല.

തുടർന്ന് അന്വേഷിച്ച് റിപ്പോർട് സമർപ്പിക്കാൻ സിജെഎം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട് വരാനിരിക്കെയാണ് തൂവാല കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്. കേസിലെ നിർണായക തെളിവാണ് ഈ തൂവാലയെന്നാണ് നിൽവിൽ കേസ് അന്വേഷിക്കുന്ന സിബിഐ വിലയിരുത്തുന്നത്.

ഫസലിന്റെ രക്‌തം പുരണ്ട തൂവാല പ്രതികൾ സമീപത്തെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ താമസിക്കുന്ന സ്‌ഥലത്തിനടുത്ത് കൊണ്ടുപോയിട്ടു. ഇത് അന്വേഷണം മനഃപൂർവം വഴിതെറ്റിക്കുന്നതിനും സാമുദായിക സംഘർഷം സൃഷ്‌ടിക്കുന്നതിനും വേണ്ടിയാണ് എന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. അക്കാര്യം തെളിയിക്കാനുള്ള പ്രധാനപ്പെട്ട തെളിവായിരുന്നു തൂവാല.

2006 ഒക്‌ടോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്‌ദാര്‍ പള്ളിക്ക് സമീപത്ത്​ വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻഡിഎഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്‌.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE