കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്. ബാക്കി ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.
ഒന്നാംപ്രതി സുമേഷ്, മൂന്നാംപ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി പിവി. മനോഹരൻ, 10ആം പ്രതി എംപി. ദിനേശൻ, 12ആം പ്രതി ബിജുമോൻ, 15ആം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. ന്നാംപ്രതി കെവി സുമേഷ് ഉൾപ്പടെ 13 പേർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഇവരിൽ ഏഴുപേർക്ക് ശിക്ഷയും ആറുപേർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.
18 പേരെയാണ് കോടതി വെറുതെവിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരെയടക്കമാണ് വെറുതെവിട്ടത്. 32ആം പ്രതിയായിരുന്നു ജയരാജൻ. രാജേഷ് 33ആം പ്രതിയും. 33 പ്രതികളാണ് ആകെ കേസിൽ ഉണ്ടായിരുന്നത്.
രണ്ടുപേർ മരിച്ചതിനാൽ 31 പേരാണ് വിചാരണ നേരിട്ടത്. 17 മാസം നീണ്ടുനിന്ന വിചാരണയിൽ 41 സാക്ഷികളെയാണ് വിസ്തരിച്ചത്. 81 സാക്ഷികളാണ് സിബിഐ കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. ഷുക്കൂർ വധക്കേസ് നടക്കുന്നത് 2012 ഫെബ്രുവരി 20നാണ്. കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിൽ വെച്ചാണ് എംഎസ്എഫ് നേതാവ് അരീയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്.
അന്ന് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഷുക്കൂർ അടക്കമുള്ളവർ കല്ലെറിഞ്ഞതിന്റെ പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നാണ് സിബിഐ കണ്ടെത്തിയത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ആം നമ്പർ മുറിയിൽ വെച്ച് ജയരാജനും രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രിയും ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത




































