കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട നഗര-വാണിജ്യ കേന്ദ്രവും ജനസംഖ്യയുടെ അടിസ്‌ഥാനത്തിൽ ഏറ്റവും വലിയ നഗരസഭയുമായ കാഞ്ഞങ്ങാട് എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് സ്‌റ്റോപ്പ് ഇല്ലാത്തത് പ്രതിസന്ധിയാകുന്നു. ദീർഘദൂര- പ്രതിവാര എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷൻ വിവി രമേശൻ കേന്ദ്രമന്ത്രിക്ക് കത്തയച്ചു.
മംഗള-ലക്ഷദ്വീപ് എക്‌സ്‌പ്രസ്, ജബൽപൂർ- കോയമ്പത്തൂർ എക്‌സ്‌പ്രസ്, മംഗളൂരു-രാമേശ്വരം എക്‌സ്‌പ്രസ്, മരുസാഗർ എക്‌സ്‌പ്രസ്, പൂണെ-എറണാകുളം സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്, അന്ത്യോദയ എക്‌സ്‌പ്രസ്, മുംബൈ എൽടിടി തുരന്തോ എക്‌സ്‌പ്രസ് എന്നിവയ്‌ക്ക് സ്‌റ്റോപ്പ് അനുവദിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്.
നിലവിൽ എൻഎസ്‌ജി-4 വിഭാഗത്തിലുള്ള കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ 19.99 കോടിയാണ് വാർഷിക വരുമാനം. റെയിൽവേ വികസനത്തിനായി ഒന്നിച്ചുപോരാടാൻ കാഞ്ഞങ്ങാട് മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗം തീരുമാനിച്ചു.
ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ സർവകക്ഷി നിവേദന സംഘം നാളെ കാഞ്ഞങ്ങാട്ട് എത്തുന്ന മുഖ്യമന്ത്രിയെ കാണും. കാഞ്ഞങ്ങാട്-പാണത്തൂർ- കാണിയൂർ റെയിൽപാത ഉൾപ്പടെയുള്ള വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷന്റെ പിന്നാക്കാവസ്‌ഥ പരിഹരിക്കുന്നതിനും സ്‌റ്റോപ്പ് അനുവദിക്കുന്നതിനും യോജിച്ച് പോരാടാൻ യോഗം തീരുമാനിച്ചു.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!




































