കോഴിക്കോട്: ബിഎൽഎം (ഭാരത് ലജ്‌ന മൾട്ടി സ്‌റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി) സാമ്പത്തിക തട്ടിപ്പ് കേസിൽ അടുത്ത ഘട്ടത്തിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ബിഎൽഎം ചെയർമാൻ ആർ പ്രേംകുമാർ, ഭാര്യ പ്രഭ എന്നിവരടക്കമുള്ള കുടുംബാംഗങ്ങൾക്ക് ഇഡി സമൻസ് അയച്ചു. ഡിസംബർ ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.
ഹൗസിങ് സൊസൈറ്റി വഴി സാധാരണക്കാരിൽ നിന്ന് ശേഖരിച്ച നിക്ഷേപത്തുക, ചട്ടവിരുദ്ധമായി സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും പ്രേംകുമാർ വകമാറ്റി എന്നാണ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ കോയമ്പേടിലുള്ള ബിഎൽഎമ്മിന്റെ ആസ്‌ഥാന മന്ദിരം, കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലടക്കം പത്തോളം പ്രധാന കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു.
പിന്നാലെ, ബിഎൽഎമ്മിന്റെ 103 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിക്കുകയും ആഡംബര വാഹനങ്ങൾ ഉൾപ്പടെയുള്ളവ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച പണത്തിന്റെ വിനിയോഗം, കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ, സ്വത്തുക്കളുടെ ഉടമസ്‌ഥാവകാശം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്.
ഇതിന്റെ തുടർച്ചയായാണ് പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും സമൻസ് അയച്ചിരിക്കുന്നത്. ഉയർന്ന ലാഭവിഹിതവും പലിശയും വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച കോടിക്കണക്കിന് രൂപ കാലാവധി പൂർത്തിയായിട്ടും തിരിച്ചുകൊടുക്കാതെ വഞ്ചിച്ചെന്നാണ് കേസ്.
Most Read| കായികരംഗത്ത് വിസ്‌മയം തീർത്ത് വയോധിക ദമ്പതികൾ





































