തിരുവനന്തപുരം: ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ വിമർശനം ഉന്നയിച്ചതായി റിപ്പോർട്. മുഖ്യമന്ത്രി വിഡി സതീശന്റെ ഏകാധിപത്യ ശൈലിയും, വിവിധ വിഷയങ്ങളിൽ കൂട്ടായ ചർച്ചകൾ നടക്കാത്തതും ചൂണ്ടിക്കാട്ടിയാണ് വിമർശനവും തർക്കവും ഉണ്ടായത്.
പുതിയ പിഎസ്സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതൊടെ എപി അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്. ചർച്ച ചെയ്യാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് അനിൽകുമാർ കുറ്റപ്പെടുത്തി. എന്നാൽ, ഉടൻ നിയമനം വേണ്ടാതായതുകൊണ്ടാണ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. പിഎസ്സിയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നിട്ടില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.
ചർച്ചയിൽ ഇടപെട്ട ദേവസ്വം മന്ത്രി കെ. മുരളീധരൻ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വിശദീകരിച്ചു. ഇതിനിടെ, എതിർപ്പുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും രംഗത്തെത്തി. കെപിസിസി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശനം ഉയർത്തി.
ചില വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ വിശദീകരണം. ബോർഡ്-കോർപറേഷൻ വിഭജനത്തിൽ ആർഎസ്പിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണും യോഗത്തിൽ വിമർശനം ഉന്നയിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസമായ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നത്.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത; ജൂബി ജോസ് പുതിയ സാരഥി




































