തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് 15,627 പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തെന്ന് സർക്കാർ. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പള്ളിക്ക് ആഭ്യന്തര മന്ത്രി നൽകിയ മറുപടിയിലാണ് കണക്ക് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. കേന്ദ്ര സർക്കാരിന്റെ ‘സഹ്യോഗ്’ പോർട്ടൽ മുഖേനയും അല്ലാതെയും ലഭിച്ച പരാതികളിലാണ് സാമൂഹിക മാദ്ധ്യമ പോസ്റ്റുകൾ നീക്കം ചെയ്തതെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
4201 പരാതികളിൽ 3472 എണ്ണത്തിൽ നിയമനടപടി സ്വീകരിച്ചുവെന്നും 15,627 പോസ്റ്റുകൾ നീക്കം ചെയ്തുവെന്നും സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാർ നിർദ്ദേശപ്രകാരമാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
സാമ്പത്തിക തട്ടിപ്പുകളുടെ പോസ്റ്റുകൾ, മോർഫ് ചെയ്ത ചിത്രമുള്ള പോസ്റ്റുകൾ, വ്യക്തികളെയും ജനപ്രതിനിധികളെയും അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്തകളും കൃത്രിമ ദൃശ്യങ്ങളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു എന്നാണ് സർക്കാർ പറയുന്നത്. വർഗീയ വിദ്വേഷ പരാമർശങ്ങളും വ്യാജ സന്ദേശങ്ങളും അശ്ളീല ദൃശ്യങ്ങളും വ്യക്തികളുടെ അന്തസിനെ മോശമാക്കുന്ന സൈബർ ബുള്ളിയിങ് പോസ്റ്റുകളും നീക്കിയവയിൽപ്പെടുന്നു.
Most Read| ഐപിഎലിൽ നിന്ന് വിരമിച്ച് എംഎസ് ധോണി; മെന്ററായി പ്രവർത്തിക്കും









































