തിരുവനന്തപുരം: ബോർഡ്-കോർപറേഷൻ നിയമനങ്ങൾ വൈകുന്നതിൽ യുഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി ആർഎസ്പി. സംസ്ഥാനത്ത് ഭരണചക്രം ചലിക്കുന്നത് ചില കാര്യങ്ങളിൽ മാത്രമാണെന്ന് മുതിർന്ന ആർഎസ്പി നേതാവ് എഎ അസീസ് തുറന്നടിച്ചു.
അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാത്തത് അപകടകരമാണ്. ബോർഡ്, കോർപ്പറേഷനുകൾക്ക് നാഥനില്ലാത്ത അവസ്ഥയുണ്ട്. ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ യുഡിഎഫ് ചർച്ച പൂർത്തീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനം നീട്ടികൊണ്ടുപോകുന്നത് ആശാവഹമല്ല. സർക്കാർ വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും ബോർഡ്, കോർപറേഷനുകളുടെ കാര്യത്തിൽ ഒന്നും നടന്നിട്ടില്ല. തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നില്ല. ലീഗിന് ചില സ്ഥാനങ്ങൾ നൽകിയെന്ന് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എഎ അസീസ് പറഞ്ഞു.
യുഡിഎഫ് സർക്കാരിൽ പരിഗണന ലീഗിന് മാത്രമാണെന്ന് കെപിസിസി ഭാരവാഹി യോഗത്തിലും അഭിപ്രായം ഉയർന്നിരുന്നു. ബോർഡ്, കോർപറേഷൻ പദവി വൈകുന്നതിലും വിമർശനം ഉയർന്നിട്ടുണ്ട്. ലീഗിൽ നിന്നാണ് കോൺഗ്രസ് പദവികൾ അറിയുന്നത്. ആറുമാസമായിട്ടും കോൺഗ്രസിന് പദവികളായില്ല. ഭരണം മാറിയിട്ടും പദവികളിൽ സിപിഎം നേതാക്കൾ തുടരുന്നുണ്ട്. ഭരണമാറ്റത്തിന്റെ ഫീൽ ഇല്ലെന്നും വിമർശനം ഉയർന്നു.
ചില മന്ത്രിമാരുടെ ജില്ലകളിലെ സന്ദർശനം അറിയുന്നില്ല. ജില്ലകളിൽ നേതാക്കളെ അറിയിക്കുന്നില്ലെന്നാണ് പരാതി. പദവി വിഭജനത്തിൽ എ ഗ്രൂപ്പ് പിന്നോട്ടില്ല. അവഗണന സഹിക്കേണ്ടെന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം. ഗ്രൂപ്പിനെ സജീവമാക്കാനും ഉറപ്പിച്ചിട്ടുണ്ട്. ചർച്ചകളിൽ ഗ്രൂപ്പ് പ്രതിനിധിയും വേണമെന്ന ആവശ്യം ശക്തമാക്കും.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!



































