കോഴിക്കോട്: ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കേളൻമുക്ക് കുഞ്ഞോത്ത് കൂയോടൻകണ്ടി ബാബുവിന്റെ ഭാര്യ കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.
അഞ്ചുവർഷം മുമ്പാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്ന് 25 ലക്ഷം രൂപ വീടിന്റെ നിർമാണത്തിനായി ലോൺ എടുത്തത്. ആദ്യഘട്ടത്തിൽ പണ അടച്ചുപോന്ന കുടുംബത്തിന് പിന്നീട് തുക അടയ്ക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. തുടർന്ന് പലിശയടക്കം കൂടി അഞ്ചുവർഷം കൊണ്ട് 50 ലക്ഷം രൂപയിലെത്തി.
പിന്നീട് ബാങ്കുമായുള്ള ചർച്ചയിൽ 15 ലക്ഷം രൂപ കുറച്ച് തിരിച്ചടക്കാനുള്ള തുക 35 ലക്ഷമാക്കി നിജപ്പെടുത്തിയിരുന്നു. ഈ തുകയും കുടുംബത്തിന് അടയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് കോടതി നടപടികളിലേക്ക് നീങ്ങിയത്. രണ്ടു ദിവസം മുൻപ് കോടതിയുടെ അനുമതിയോട് കൂടി വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടുമയ്ക്ക് നൽകിയിരുന്നു.
തുടർന്ന് ഇന്ന് രാവിലെ പോലീസും ബാങ്ക് ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും വീട് ജപ്തി ചെയ്യാനെത്തുമെന്ന സന്ദേശമയച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ജപ്തി നടപടികൾക്കായി ബാങ്ക് അധികൃതരും അഡ്വക്കറ്റ് കമ്മീഷനും പോലീസും സ്ഥലത്തെത്തി. ഈസമയം വീട് പൂട്ടിയ നിലയിലായിരുന്നു. ഇതുസംബന്ധിച്ച് സമീപത്തെ ആളുകളോട് അന്വേഷിച്ചു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുതിയ വീടിനോട് ചേർന്നുള്ള പഴയ തറവാട് വീട്ടിൽ കവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിലെ പെയിന്റ് കടയിൽ ജീവനക്കാരനാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്. ഇരുവരും വിദ്യാർഥിനികളാണ്.
Most Read| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്റൂമിനെ ഗൗരവമായി പരിഗണിക്കുക



































