ചങ്ങനാശേരി: മന്നം ജയന്തി ആഘോഷങ്ങൾക്കായി മുഖ്യമന്ത്രി വിഡി സതീശൻ പെരുന്നയിലേക്ക് എത്തുന്നു. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 150ആം ജയന്തി ആഘോഷം ഉൽഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുക. 2027 ജനുവരി ഒന്നിനും രണ്ടിനുമാണ് പെരുന്നയിൽ മന്നം ജയന്തി ആഘോഷം.
രണ്ടിന് നടക്കുന്ന ജയന്തിദിന സമ്മേളനമാണ് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുക. ഒന്നാം തീയതി അഖിലകേരള നായർ പ്രതിനിധി സമ്മേളനം നടക്കും. മുഖ്യമന്ത്രിയായ ശേഷം സതീശൻ ആദ്യമായാണ് എൻഎസ്എസ് ആസ്ഥാനത്തേക്ക് എത്തുന്നത്. മന്ത്രി കെ മുരളീധരനും സമ്മേളനത്തിൽ അതിഥിയായി പങ്കെടുക്കും.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി ഉണ്ടായിരുന്ന പിണക്കങ്ങളുടെ മഞ്ഞുരുക്കം കൂടിയായാണ് മുഖ്യമന്ത്രിയുടെ വരവിനെ വിലയിരുത്തുന്നത്. അഞ്ചുവർഷം മുമ്പാണ് സതീശൻ ഏറ്റവുമൊടുവിൽ പെരുന്നയിൽ എത്തിയത്.
സതീശനുമായുള്ള എല്ലാ അഭിപ്രായ ഭിന്നതകളും പരസ്പരം പറഞ്ഞു അവസാനിപ്പിച്ചെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങൾക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതായും വരാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തുവെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ‘നടത്തിയ പരാമർശങ്ങൾ അതത് സാഹചര്യത്തിൽ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞാനത് മറക്കുകയും’ ചെയ്തു- സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
പരസ്യ തർക്കങ്ങളുടെ തുടക്കം
2921ൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിഡി സതീശൻ നടത്തിയ പ്രസ്താവനയാണ് സുകുമാരൻ നായരുമായുള്ള പരസ്യ തർക്കങ്ങളുടെ തുടക്കം. രാഷ്ട്രീയ നേതാക്കൾ സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകരുതെന്നും, സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ രാഷ്ട്രീയക്കാർ കിടക്കരുതെന്നുമുള്ള സതീശന്റെ പ്രസ്താവന സുകുമാരൻ നായരെ ചൊടിപ്പിച്ചിരുന്നു.
മറ്റു കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായി സതീശൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിക്കാൻ തയ്യാറാകാതിരുന്നതും അകൽച്ച വർധിപ്പിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇരുവരും തമ്മിലുള്ള പോര് പരസ്യമായി. സമുദായ സംഘടനകൾ രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്ന സതീശന്റെ നിലപാടിനെതിരെ സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു.
ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ കോൺഗ്രസിന് തിരിച്ചടി നേരിടുമെന്ന് സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി. യുഡിഎഫ് വിജയിച്ചതിന് പിന്നാലെ വിഡി സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ സുകുമാരൻ നായർ പരസ്യമായി രംഗത്തുവന്നു.
മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്ന് ഇക്കഴിഞ്ഞ ജൂണിൽ സുകുമാരൻ നായർ ആരോപിച്ചിരുന്നു. സതീശനെ അഹങ്കാരിയെന്നും വിശേഷിപ്പിച്ചിരുന്നു. എന്നാൽ, കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും ബജറ്റ് തിരക്കുകൾക്കിടയിൽ ഫോൺ എടുക്കാൻ സാധിക്കാതെ വന്നപ്പോൾ പിന്നീട് തിരിച്ചുവിളിച്ച് സൗഹാർദപരമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചിരുന്നു.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്തമാക്കി വിഡി സതീശൻ





































