ന്യൂഡെൽഹി: റഷ്യ-യുക്രൈൻ വെടിനിർത്തൽ നീക്കങ്ങളിൽ ഇന്ത്യയുടെ സഹായം തേടി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. അബുദാബിയിൽ റഷ്യ, യുക്രൈൻ, അമേരിക്ക എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ത്രികക്ഷി സമാധാന ചർച്ചകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സെലെൻസ്‌കി തിങ്കളാഴ്‌ച ഫോണിൽ സംസാരിച്ചു.
യുദ്ധവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികസനകൾ അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. സമാധാനപരമായ പരിഹാരത്തിനായി സാധ്യമായ എല്ലാ രീതിയിലും പ്രവർത്തിക്കുമെന്ന് മോദി സെലെൻസ്‌കിയോട് പറഞ്ഞു. ത്രികക്ഷി സമാധാന ചർച്ചകൾക്ക് ഒരു ദിവസം മുമ്പായിരുന്നു ഇരുനേതാക്കളുടെയും സംഭാഷണം.
സമാധാന ചർച്ചകളിൽ ഇന്ത്യ അടുത്തിടെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും ചർച്ചയായേക്കും. നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇന്ത്യ ഇരുരാജ്യങ്ങളുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവറുമായി സംസാരിച്ചു.
ഫ്രാൻസിൽ ജൂണിൽ നടന്ന ജി7 ഉച്ചകോടിക്കിടെ മോദിയും സെലെൻസ്‌കിയും കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഇരുവരും സംസാരിക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് മോദി എക്‌സിൽ കുറിച്ചു. യുക്രൈനുമായുള്ള ഉഭയകക്ഷി സഹകരണം വിലയിരുത്തുന്നതായും ബന്ധം കൂടുതൽ ശക്‌തമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
യുദ്ധത്തിന്റെ ഇപ്പോഴത്തെ സ്‌ഥിതിഗതികൾ, അതുണ്ടാക്കുന്ന മാനുഷിക പ്രത്യാഘാതങ്ങൾ, സമാധാനം പുനഃസ്‌ഥാപിക്കാനുള്ള വിവിധ ശ്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതിന് സെലെൻസ്‌കിയോട് നന്ദി പറഞ്ഞതായും മോദി വ്യക്‌തമാക്കി. സമാധാനത്തിനായി ഇടപെടാൻ ഇന്ത്യ തയ്യാറാണെന്ന് മോദി നേരത്തെയും വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































