ധാക്ക: ഷെയ്ഖ് ഹസീന നൽകിയ പുതിയ പാസ്പോർട്ടിനുള്ള അപേക്ഷ ബംഗ്ളാദേശ് സർക്കാർ നിരസിച്ചു. ഹസീനയുടെ ഒരു ‘നാടകം’ മാത്രമാണെന്ന് വിശേഷിപ്പിച്ച ബംഗ്ളാദേശ് സർക്കാർ, തീവ്രവാദികൾക്ക് പാസ്പോർട്ട് നൽകില്ലെന്നും പറഞ്ഞു.
ഇതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരം ഹസീനയെ ബംഗ്ളാദേശിന് കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമസ്ഥാപനം വഴി ഡെൽഹിയിലെ ബംഗ്ളാദേശ് ഹൈക്കമ്മീഷനിലാണ് ഹസീന പുതിയ പാസ്പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും അപേക്ഷ നൽകിയത്.
അന്താരാഷ്ട്ര മനുഷ്യാവകാശ തത്വങ്ങളും ബംഗ്ളാദേശ് പൗരത്വവും മുൻനിർത്തി തങ്ങളുടെ കക്ഷിക്ക് എത്രയും വേഗം പുതിയ പാസ്പോർട്ടും തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്നാണ് അഭിഭാഷകൻ ഹൈക്കമ്മേഷനോട് അഭ്യർഥിച്ചിരിക്കുന്നത്. 2024ൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാർ ഹസീനയുടെ പാസ്പോർട്ടും തിരിച്ചറിയൽ കാർഡും റദ്ദാക്കിയിരുന്നു.
ഡെൽഹിയിലെ ബംഗ്ളാദേശ് ഹൈക്കമ്മീഷൻ ഈ അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയായിരുന്നു. എന്നാൽ, നിയമസ്ഥാപനം അയച്ച ഇ-മെയിലിൽ ഹസീനയുടെ അനുമതി പത്രമോ ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ലെന്നും അതിനാൽ ഹസീനയുടെ പേരിലാണ് അപേക്ഷ സമർപ്പിച്ചതെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും ബംഗ്ളാദേശ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ബംഗ്ളാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷെയ്ഖ് ഹസീന. 2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിന് വിരാമമിട്ട് അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ 2025 നവംബറിൽ ബംഗ്ളാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
1400ഓളം പേർ ഈ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടിരുന്നുവെന്നാണ് കണക്കുകൾ. ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിക്കുകയും ചെയ്തിരുന്നു. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ളാദേശ് ഇന്ത്യയോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വധശിക്ഷ നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല.
Most Read| എഥനോൾ പെട്രോൾ വിവാദം; വിലയിരുത്താൻ കേന്ദ്രം, ഉന്നതതല യോഗം ചേരും





































