വാഷിങ്ടൻ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഉപരിസഭയായ സെനറ്റും ജനപ്രതിനിധിസഭയും പിടിച്ചെടുത്ത് കോൺഗ്രസിന്റെ സമ്പൂർണ നിയന്ത്രണം ഡെമോക്രാറ്റുകൾ സ്വന്തമാക്കിയതിന് പിന്നാലെ തോൽവിയുടെ കാരണം തുറന്ന് പറഞ്ഞ് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസ്.
റിപ്പബ്ളിക്കൻ പാർട്ടിയുടെ കനത്ത തോൽവിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് വാൻസ് വ്യക്‌തമാക്കി. ‘ഞങ്ങൾ തോൽക്കാൻ കാരണം യുദ്ധമാണ്’-എക്‌സിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ കനത്ത പരാജയത്തിന് ശേഷം വാൻസ് നടത്തിയ ആദ്യ പ്രതികരണമായിരുന്നു ഇത്. തോൽവിയുടെ ഒരു ഘടകം ഇറാൻ യുദ്ധമാണെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പറഞ്ഞിരുന്നു. യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
2024ൽ റിപ്പബ്ളിക്കൻ പാർട്ടിക്ക് വോട്ട് ചെയ്‌ത പലരും 2026ൽ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്‌തെന്ന് വാൻസ് പറഞ്ഞു. ജീവിതച്ചെലവ്, പണപ്പെരുപ്പം, ഇസ്രയേലുമായി യുഎസിന്റെ ബന്ധം എന്നിവയിൽ ഭരണകൂടത്തോടുള്ള വോട്ടർമാരുടെ അമർഷവും തിരിച്ചടിക്ക് കാരണമായെന്ന് വാൻസ് ചൂണ്ടിക്കാട്ടി.
ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം തിരിച്ചുപിടിച്ച ഡെമോക്രാറ്റുകൾക്ക് മുന്നിൽ റിപ്പബ്ളിക്കൻ പാർട്ടി കനത്ത തിരിച്ചടിയാണ് നേരിട്ടത്. റിപ്പബ്ളിക്കൻ കോട്ടകളിൽ പോലും ഡെമോക്രാറ്റുകൾക്ക് അട്ടിമറി വിജയമുണ്ടായി. ഗവർണർ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ മുന്നിലെത്തി.
യുഎസ് കോൺഗ്രസിൽ ജനപ്രതിനിധിസഭയിലെ 435 സീറ്റിലും 100അംഗ സെനറ്റിലെ 35 സീറ്റിലുമായിരുന്നു തിരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭയിൽ പുതുതായി 27 സീറ്റുകൾ ഡെമോക്രാറ്റുകൾ സ്വന്തമാക്കി. ഇതുവരെയുള്ള ഫലമനുസരിച്ച് 435 സീറ്റിൽ 239 എണ്ണം ഡെമോക്രാറ്റുകൾ പിടിച്ചു. സെനറ്റിലെ 100 സീറ്റിൽ ഇപ്പോൾ 54 എണ്ണം ഡെമോക്രാറ്റിക് പാർട്ടിക്കാണ്. പുതുതായി ഏഴ് സീറ്റ് പിടിച്ചു.
36 സംസ്‌ഥാനങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പുകളിൽ 17 ഇടത്ത് ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജയിച്ചു. 12 ഇടത്ത് റിപ്പബ്ളിക്കൻ വിജയം. അഞ്ച് സംസ്‌ഥാനങ്ങളിലാണ് ഡെമോക്രാറ്റിക് പാർട്ടി ഗവർണർ പദവി തിരിച്ചുപിടിച്ചത്. തിരഞ്ഞെടുപ്പ് നടക്കാത്തയിടങ്ങളും കൂടി ചേർന്നാൽ ആകെ 28 സംസ്‌ഥാനങ്ങളിലാണ് ഇപ്പോൾ ഡെമോക്രാറ്റിക് ഗവർണർ ഉള്ളത്. റിപ്പബ്ളിക്കൻ ഗവർണർമാർ 20.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ





































