വാഷിങ്ടൻ: ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസ് ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിർബന്ധിത തൊഴിൽ നിരോധനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. 10% മുതൽ 12.5% വരെയാണ് തീരുവ ഉയർത്തിയത്.
യുകെ, ചൈന, യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ ഇന്ത്യ എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക-വ്യാപാര പങ്കാളികളെ ലക്ഷ്യമിട്ടാണ് പുതിയ താരിഫ്. ഈവർഷം ആദ്യം കൊണ്ടുവന്ന വിദേശ ഉൽപ്പന്നങ്ങൾക്കുള്ള 10% താൽക്കാലിക നികുതിയുടെ കാലപരിധി അവസാനിച്ചതോടെയാണ് പുതിയ താരിഫ് ഏർപ്പെടുത്തിയത്.
പുതിയ തീരുവകൾ വെള്ളിയാഴ്ച അർധരാത്രിയോടെ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിന്റെ ഓഫീസ് അറിയിച്ചു. ഈവർഷം ആദ്യം യുഎസ് സുപ്രീം കോടതി ട്രംപ് ഏർപ്പെടുത്തിയ പല താരിഫുകളും നിയമവിരുദ്ധമായി നടപ്പാക്കിയെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. ഇതോടെയാണ് പുതിയ വഴികളിലൂടെ താരിഫ് നീക്കങ്ങൾ നടത്തുന്നത്.
അമേരിക്ക ഇറക്കുമതി ചെയ്യുന്ന 99.4% ഉൽപ്പന്നങ്ങളെയും ബാധിക്കുന്ന വിധത്തിലാണ് ഈ പ്രഖ്യാപനം. തൊഴിൽ നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്ക് 12.5% തിരക്കിലാണ് താരിഫ് ചുമത്തിയിരിക്കുന്നത്.
ആദ്യം ഇന്ത്യക്ക് 12.5% താരിഫാണ് ഏർപ്പെടുത്തിയതെങ്കിലും അടുത്തിടെ ഇന്ത്യ തൊഴിൽ ചൂഷണങ്ങൾക്കെതിരെ പുതിയ നിയമങ്ങളും നടപടികളും കൊണ്ടുവന്നത് കണക്കിലെടുത്ത് താരിഫ് നിരക്ക് 10% ആയി കുറച്ചു. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിച്ചവയല്ലെന്ന് ഉറപ്പാക്കുന്നതിൽ ഈ രാജ്യങ്ങൾ പരാജയപ്പെട്ടു എന്ന കാരണത്താലാണ് ഈ നടപടി സ്വീകരിച്ചതെന്ന് ട്രംപ് ഭരണകൂടം പറയുന്നു.
എണ്ണ, ഗ്യാസ്, വളങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ എന്നിവയെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇറക്കുമതി വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യാപാരികൾക്ക് സമയം അനുവദിക്കുന്നതിനായി പുതിയ തീരുവകൾ നടപ്പാക്കുന്നതിൽ താൽക്കാലിക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി




































