ദുബായ്: ദുബായിൽ അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാടിന്റെ (43) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11.05ന് ഷാർജ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം കണ്ണൂരിൽ എത്തിക്കും. വൈകീട്ട് 4.30നാണ് വിമാനം കണ്ണൂരിലെത്തുക.
തുടർന്ന് ജൻമനാടായ വയനാട് കൽപ്പറ്റ കമ്പളക്കാട് കൊണ്ടുപോകും. മാപ്പിളപ്പാട്ടിന്റെ ഇമ്പമുള്ള ഈണങ്ങളിലൂടെ ഗൾഫിലും നാട്ടിലും നിരവധി ശ്രോതാക്കളുടെ മനസിൽ ഇടം നേടിയ ഗായകനാണ് നിസാർ വയനാട്. പനിയും തുടർന്നുണ്ടായ ഹൃദയാഘാതവും മൂലം ശനിയാഴ്ച വൈകീട്ട് നാലോടെ ബർദുബായിലെ മൻഖൂൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഗൾഫ് ഷോകൾക്കായി രണ്ടാഴ്ച മുൻപാണ് ദുബായിൽ എത്തിയത്. ഇന്ന് പുലർച്ചെ ദുബായ് മുഹൈസിനിലെ എംബാമിങ് സെന്ററിൽ നൂറുകണക്കിന് പേരാണ് നിസാർ വയനാടിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കാരവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കും.
അടുത്തദിവസം സൗദിയിലും ദുബായിലും വിവിധ സംഗീത പരിപാടികൾ നടക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുണ്ട്. ‘പ്രഫസർ ഡിങ്കൻ’ എന്ന മലയാള സിനിമയിലും, കന്നഡ സിനിമയിലും പിന്നണി ഗായകനായി ഗാനമാലപിച്ചു. ബോളിവുഡ് ഗായകൻ ഉദിത്ത് നാരായണന്റെ ശബ്ദസാദൃശ്യമാണ് ഗാനമേള വേദികളിൽ നിസാറിനെ ശ്രദ്ധേയനാക്കിയത്.
ഇറോത്ത് വീട്ടിൽ പരേതനായ ഇബ്രായിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷഹന നിസാർ. മകകൾ: സിംബ്രീന, അംബ്രീന. സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































