ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ, വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് ലഹരിമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരണം. ക്യാപ്റ്റൻ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഐഐബി) സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
സാങ്കേതിക വീഴ്ചകൾക്ക് പുറമെ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിനും ഉത്തരവാദിയായ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അന്വേഷണ സംഘം റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും ഒരുമിച്ച് വന്നത് വലിയൊരു ദുരന്തത്തിന്റെ വക്കോളമാണ് വിമാനത്തെ എത്തിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നു.
ഡെൽഹിയിൽ വിമാനമിറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായി ആദ്യം തെളിഞ്ഞത്. പിന്നീട് നടത്തിയ മറ്റൊരു പരിശോധനയിലും ഇത് സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് നാലിന് തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് 137 യാത്രക്കാരുമായി ഡെൽഹിയിലേക്ക് പറന്ന എയർബസ് എ 320 വിമാനം ഒഡീഷയ്ക്ക് സമീപമാണ് അപ്രതീക്ഷിതമായി 300 അടി താഴ്ചയിലേക്ക് പതിച്ചത്.
വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനങ്ങൾ, വാതിലുകൾ എന്നിവയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ലഭിക്കുകയും ഓട്ടോ പൈലറ്റ് സംവിധാനം തകരാറിലാവുകയും ചെയ്തു. പിന്നാലെയാണ് താഴ്ചയിലേക്ക് പതിച്ചത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. രണ്ട് ക്രൂ അംഗങ്ങൾക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത്. തുടർന്ന് വിമാനം ഡെൽഹിയിൽ ഇറക്കിയ ശേഷം രണ്ട് പൈലറ്റുമാരെയും ലഹരി പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ ക്യാപ്റ്റന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം




































