തണ്ണിത്തോട്: ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (ഗ്രാമസേവിക) എംആർ റാണി ലക്ഷ്മി അറസ്റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. തട്ടിപ്പിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നോ എന്നാണ് പോലീസ് സംശയിക്കുന്നത്.
ഇതേത്തുടർന്ന് തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തിലെ പ്രാദേശിക നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്. സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ.
ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തിയാണ് ഇവർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റിയത്. സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. തണ്ണിത്തോട്ടിൽ രണ്ടുലക്ഷം രൂപയും തട്ടിപ്പ് നടത്തിയതായാണ് കേസ്. പഞ്ചായത്തുകളിലെ സെക്രട്ടറിമാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
അരുവാപ്പുലം പഞ്ചായത്തിലും സമാനമായ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്. 12 ലക്ഷത്തിലേറെ രൂപ ഇവിടെ നിന്ന് തട്ടിയെടുത്തിട്ടുണ്ട്. മൂന്ന് പഞ്ചായത്തുകളിലെ തട്ടിപ്പിന്റെ വ്യാപ്തി ഒരുകോടിയിലേറെ എത്തിച്ചേർന്നതായും പോലീസ് വ്യക്തമാക്കുന്നു. പരിശോധന നടക്കുകയാണ്. നാളുകളായുള്ള വലിയ തട്ടിപ്പ് ജീവനക്കാരിക്ക് ഒറ്റയ്ക്ക് നടത്താനാകില്ലെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്. റിമാൻഡിലുള്ള റാണിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































