കുന്നംകുളം: തൃശൂരിൽ വീണ്ടും വാഹനാപകടം. ശനിയാഴ്‌ച അർധരാത്രി കുന്നംകുളത്തുണ്ടായ അപകടത്തിൽ ദമ്പതികളും ഇവരുടെ മൂന്നുവയസുകാരനായ മകനും മരിച്ചു. റോഡരികിൽ നിർത്തിയിരുന്ന ഇവരുടെ ബൈക്കിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. കയ്‌പമംഗലത്ത് ലോറിയിൽ കാറിടിച്ച് കയറി എട്ടുപേർ കൊല്ലപ്പെട്ടതിന്റെ ആഘാതം മാറും മുമ്പാണ് വീണ്ടും അപകടം.
ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്‌ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ- കുന്നംകുളം പാതയിൽ ഇന്നലെ രാത്രി 12നാണ് അപകടം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് കുന്നംകുളം ഭാഗത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബൈക്കിൽ സഞ്ചരിച്ച കുടുംബം.
ഫോൺ വന്നപ്പോൾ റോഡരികിൽ നിർത്തി സംസാരിക്കുന്നതിനിടെ അതേ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഇടിച്ചതിനെ തുടർന്ന് ബൈക്കിൽ ഉണ്ടായിരുന്നവർ 50 മീറ്ററോളം അകലെ തെറിച്ചുവീണു. ബൈക്ക് തെറിച്ചുവീണ് സമീപത്തെ കെഎസ്ഇബി ട്രാൻസ്‌ഫോർമറും തകർന്നു.
വൈദ്യുതി കമ്പി പൊട്ടി വീണത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കാറിലുണ്ടായ യുവാക്കൾ സംഭവ സ്‌ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി കയ്‌പമംഗലം പനമ്പിക്കുന്ന് ദേശീയപാതയിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് എട്ടുപേർ മരിച്ചിരുന്നു.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി





































