തൃശൂർ: ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളേജിലെ ഏഴ് വിദ്യാർഥികളുമാണ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
മരിച്ചവരിൽ വിശ്വം (സേലം), സൂര്യ (ഡിണ്ടിഗൽ), സന്തോഷ് (മധുര), പ്രസന്ന (മധുര), യുവസഞ്ജിത് (ഡിണ്ടിഗൽ) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്. പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ്, അഗ്നിരക്ഷാ സേന, നാട്ടുകാർ ഉൾപ്പടെ സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. ഗുരുവായൂർ ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഈ മേഖലയിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡരികിലാണ് മൂന്ന് ലോറികൾ സംഭവസമയം നിർത്തിയിട്ടിരുന്നു. ഇതിൽ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറിയുടെ പിന്നിലാണ് കാർ ഇടിച്ചുകയറിയത്.
Most Read| ഫുക്കറ്റ്-ഡെൽഹി വിമാനാപകടം; പൈലറ്റ് ഇൻ കമാൻഡിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ


































