ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ വിട്ടുനൽകാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ ഉത്തരവ്.
13 വയസുകാരി ഉൾപ്പടെ മുഴുവൻ പേരും പ്രായപൂർത്തിയാകാത്തവരായ കൊലക്കേസ് അപൂർവങ്ങളിൽ അപൂർവമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് കസ്‌റ്റഡിയിൽ വിടാനുള്ള വ്യവസ്‌ഥ ജുവനൈൽ ജസ്‌റ്റിസ് നിയമത്തിൽ ഇല്ല എന്നും അത്തരത്തിലുള്ള മുൻ കോടതിവിധികൾ ഇല്ലെന്നുമുള്ള വാദം തള്ളിയാണ് കോടതിയുടെ അസാധാരണ നടപടി.
ജുവനൈൽ ജസ്‌റ്റിസ് നിയമത്തിൽ കുട്ടികളെ പോലീസ് കസ്‌റ്റഡിയിൽ വിടാനുള്ള വ്യവസ്‌ഥ ഇല്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടത്തിൽ പറയുന്ന വ്യവസ്‌ഥകൾ അനുസരിച്ച്, തെളിവെടുപ്പിന് വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.
കുട്ടികൾ മാത്രം പ്രതികളായ, ദൃക്‌സാക്ഷികൾ ഇല്ലാത്ത, അടച്ചിട്ട വീട്ടിൽ അർധരാത്രിയിൽ നടത്തിയ കൊലപാതകത്തിൽ, പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസ് ദുർബലപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്‌ത് കൊലപാതകം നടത്തിയാൽ, നിയമ പരിരക്ഷ കിട്ടില്ല എന്ന സന്ദേശമാണ് ഈ വിധിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെ (65) കൊലപ്പെടുത്തിയ നിലയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപത്തെ വാടകവീട്ടിലാണ് കണ്ടെത്തിയത്. കേസിൽ 13 വയസുള്ള പെൺകുട്ടി ഉൾപ്പടെ പ്രായപൂർത്തിയാകാത്ത നാലുപേരാണ് പിടിയിലായത്. മോഷണത്തിനായി കൊല നടത്തിയെന്നാണ് വിദ്യാർഥികളുടെ മൊഴി.
ഐഫോണും ബൈക്കും വാങ്ങാനായിരുന്നു മോഷണം. കൊല്ലത്ത് നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് കരുവാറ്റയിൽ എത്തിയാണ് പ്രതികൾ ക്രൂരകൃത്യം നടത്തിയത്. വീടിന്റെ ഷീറ്റ് പൊളിച്ച് അകത്തുകയറിയ പ്രതികൾ വയോധികനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കത്തി ഉപയോഗിച്ച് ദേഹമാസകലം മുറിവേൽപ്പിച്ച ശേഷം ബെഡ്ഷീറ്റ് ഉപയോഗിച്ച് കൈകാലുകൾ കെട്ടിയിടുകയും കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയും ആയിരുന്നു. 13 വയസുകാരിയായ പെൺകുട്ടിയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. വീട്ടിൽ മറ്റാരുമില്ലെന്ന വിവരവും സ്വർണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന കൃത്യമായ നിർദ്ദേശങ്ങളും ഈ പെൺകുട്ടിയാണ് മറ്റു പ്രതികൾക്ക് നൽകിയത്.
Most Read| ഹോർമുസിൽ പുതിയ നീക്കവുമായി ഇറാൻ; എക്‌സ്‌ക്ളൂഷൻ സോൺ ഏർപ്പെടുത്തും




































