തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി സംസ്‌ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിന്റെ ആവശ്യങ്ങൾ അമിത് ഷായുമായി പങ്കുവെച്ചെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
ഓപ്പറേഷൻ തൂഫാനെ അമിത് ഷാ അഭിനന്ദിച്ചതായും എല്ലാ പിന്തുണയും അറിയിച്ചതായും ചെന്നിത്തല വ്യക്‌തമാക്കി. ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു. ലഹരിമുക്‌ത ഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ കേന്ദ്ര സഹായങ്ങൾ വാഗ്‌ദാനം ചെയ്‌തുവെന്നും ചെന്നിത്തല പറഞ്ഞു.
പോലീസിൽ 30 ശതമാനം വനിതാ സംവരണം ഉടൻ നടപ്പാക്കുമെന്ന കാര്യവും അറിയിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്‌തമാക്കി. സേനയുടെ ആധുനികവത്‌കരണത്തിന് വേണ്ടി പ്രോജക്‌ടുകൾ നൽകിയിട്ടുണ്ട്. സേനയ്‌ക്ക് ലഭിക്കേണ്ട വിവിധ ഫണ്ടുകൾ ഉടൻ നൽകണമെന്ന ആവശ്യവും കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിച്ചെന്ന് ചെന്നിത്തല പറഞ്ഞു.
കൂടുതൽ ജയിലുകൾക്കായി പ്രൊപ്പോസൽ സമർപ്പിച്ചു. പൂജപ്പുരയുമായി ബന്ധപ്പെട്ട് ഓപ്പൺ ജയിൽ പദ്ധതിയും കൈമാറി. നെട്ടുകാൽതേരിയിൽ പുതിയ സെൻട്രൽ ജയിൽ വേണമെന്ന നിർദ്ദേശവും സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ലഹരിമുക്‌ത ഭാരതത്തിന് കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. ലഹരിമുക്‌ത ഭാരതത്തിനായി ഓപ്പറേഷൻ തൂഫാൻ അടക്കമുള്ളവ കേരളം നടപ്പാക്കുന്നുണ്ടെന്നും, ഇതിന്റെ ഭാഗമായി ദേശീയ തലത്തിൽ ഏകോപനം വേണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം






































