കൊച്ചി: പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംസ്‌ഥാന സർക്കാർ. സ്വകാര്യ ബസുകൾ കെഎസ്ആർടിസി വാടകയ്‌ക്ക് എടുത്ത് സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ ഉറപ്പ് നൽകി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്.
ബസ് സർവീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ബസുകളുടെ സർവീസ് കാലപരിധി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പത്‌മകുമാർ കമ്മീഷൻ നൽകിയ ശുപാർശകൾ നിയമാനുസൃതം നടപ്പാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഒരു ബസ് ഉടമയ്‌ക്ക് തന്റെ സർവീസ് മറ്റൊരാൾക്ക് നിയമപരമായി കൈമാറുന്നതിനുള്ള സാങ്കേതിക തടസങ്ങൾ നീക്കാനും യോഗത്തിൽ ധാരണയായി. സ്വകാര്യ ബസ് ഉടമകളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും അവർക്ക് സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നതിനുമായി ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കും.
അതേസമയം, ബസ് വാടക തുക സംബന്ധിച്ച് ധാരണയായിട്ടില്ലെന്നും തുടർ നടപടികൾ നടത്തുമെന്നും ഫെഡറേഷൻ നേതാക്കൾ പറഞ്ഞു. ചർച്ചയെ തുടർന്ന് ഫെഡറേഷൻ സംസ്‌ഥാന പ്രസിഡണ്ട് കെകെ തോമസ്, വൈസ് പ്രസിഡണ്ട് ശരണ്യ മനോജ് നാലുദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന അനിശ്‌ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.
Most Read| ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്




































