കോഴിക്കോട്: നിപ്പ മരുന്ന് വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മരുന്നിന്റെ ആധികാരികതയിൽ സംശയമില്ലെന്നും ക്ളിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയമുണ്ടെന്നും സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മാനുഫാക്ച്ചറിങ് ഡേറ്റും എക്സ്പയറി ഡേറ്റും രേഖപ്പെടുത്തേണ്ടതാണെങ്കിലും മാനുഫാക്ച്ചറിങ് ഡേറ്റ് ഇല്ലാത്ത മരുന്നായിരുന്നു എത്തിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി ആയിരുന്നു കൂടുതൽ ഇടപെടലുകൾ നടന്നത്. ഇതിൽ ആരെല്ലാം ഇടനിലക്കാരായി എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്നും മന്ത്രി പറഞ്ഞു.
അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരും. പ്രതിപക്ഷ നേതാവ് തനിക്ക് അയച്ച കത്തിൽ വില കുറഞ്ഞ മരുന്ന് കൊടുക്കരുത് എന്ന് മാത്രമേ പറയുന്നുള്ളൂ എന്നും ക്ളിനിക്കൽ ട്രയലിനെ കുറിച്ചുള്ള പരാമർശമൊന്നും കത്തിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ നിയമസഭയിൽ വെച്ചാണ് ആരോഗ്യമന്ത്രി നിപ്പ കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചിരുന്നതായി സംശയം പ്രകടിപ്പിച്ചത്. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ നിപ്പ ബാധിതരായ ആറ് രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ടാണ് സംശയം ഉയർന്നതെന്ന് മന്ത്രി പറഞ്ഞു.
കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ രോഗികൾ മരിച്ചതെന്നാണ് മന്ത്രിയുടെ സംശയം. ഈ മരണങ്ങളെക്കുറിച്ചും മരുന്ന് നൽകിയ മറ്റ് രോഗികൾക്ക് പാർശ്വഫലങ്ങൾ ഉണ്ടോയെന്നും പരിശോധിക്കുന്നതിന് ഇൻഫഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
അതേസമയം, നിപ്പ ബാധിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡോ. എഎസ് അനൂപ് കുമാർ രംഗത്തെത്തി. 2023 മുതൽ 2025 വരെയുള്ള സമയത്ത് 13 പേർക്കാണ് നിപ്പ ബാധിച്ചത്.
ഇതിൽ ആറുപേർ മരിക്കുകയും ഏഴുപേർ രോഗമുക്തി നേടുകയും ചെയ്തിരുന്നു. എന്നാൽ, മരിച്ച ആറുപേരിൽ ഒരാൾ പോലും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് അനൂപ് ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കി.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്തമാക്കി വിഡി സതീശൻ




































