കണ്ണൂർ: വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട നിക്ഷേപ ആരോപണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ. സഹോദരിയുടെ മകൻ ഇപി ശ്യാംജിത്തിനും വാർത്ത പുറത്തുവിട്ട ചാനലിനുമാണ് വക്കീൽ നോട്ടീസ് അയച്ചത്. 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിഎംആർഎൽ എംഡിയായിരുന്ന ശശിധരൻ കർത്തിയുടെ പണമാണ് ഇപി ജയരാജന്റെ ഭാര്യ പികെ. ഇന്ദിര വൈദേകത്തിൽ നിക്ഷേപിച്ചതെന്നായിരുന്നു ഇപിയുടെ സഹോദരിയുടെ മകൻ ശ്യാംജിത്തിന്റെ ആരോപണം. സഹകരണ ബാങ്കിൽ നിന്ന് വിരമിച്ച ഒരാൾക്ക് എത്ര രൂപ ആനുകൂല്യം കിട്ടുമെന്നും ഇതാണോ പികെ. ഇന്ദിര വൈദേകത്തിൽ നിക്ഷേപിച്ചതെന്നും ആയിരുന്നു ചോദ്യം.
ശ്യാംജിത്തിന്റെ ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ് വൈദേകം മാനേജ്മെന്റ്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശ്യാംജിത്തിന്റെ ഭാര്യ ദീപയെ വൈദേകത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന്റെ പ്രതികാരമാകാം ആരോപണത്തിന് പിന്നിലെന്നാണ് വൈദേകം മാനേജ്മെന്റിന്റെ വിശദീകരണം.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്



































