വണ്ടൂർ: ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 87.73 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ മലപ്പുറം വണ്ടൂരിൽ അറസ്റ്റിൽ. കാരാട് ഊട്ടുപുറം സ്വദേശി ഷൈജേഷ് (34), നിലമ്പൂർ മണലൊടി പുത്തൻവീട് മഹേഷ് കുമാർ (35), വണ്ടൂർ കാരാട് പടവെട്ടി വീട്ടിൽ അരുൺ (24) എന്നിവരാണ് അറസ്റ്റിലായത്.
വണ്ടൂർ കാരാട് ഊട്ടുപുറത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ ടി ഷിജുമോനും നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പിആർ ജിഷ്ണുവും എക്സൈസ് കമ്മീഷണർ സ്ക്വാഡിലെ അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തിയത്.
പ്രതികളായ അരുണും മഹേഷ് കുമാറും ചേർന്ന് ബെംഗളൂരുവിൽ പോയി കാറിൽ കടത്തിക്കൊണ്ടുവന്നതാണ് എംഡിഎംഎ. ഷൈജേഷിന്റെ വീട്ടിൽ വെച്ചാണ് ഇവ പിടികൂടിയത്. എക്സൈസ് സംഘം വീട്ടിലെത്തുമ്പോൾ എംഡിഎംഎ വിൽപ്പനയ്ക്കായി തയ്യാറാക്കുകയായിരുന്നു. 5980 രൂപയും മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കടത്താൻ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്.
Most Read| ഒടുവിൽ സമവായം; എപി വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും





































