വാഷിങ്ടൻ: പശ്ചിമേഷ്യയിൽ സമാധാന പുലരുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നടപടികൾ യുഎസ് അവസാനിപ്പിച്ചെന്ന് ട്രംപ് വ്യക്തമാക്കി.
തിങ്കളാഴ്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസ് ബ്രീഫിങ് റൂമിൽ മാദ്ധ്യമ പ്രവർത്തകരെ കണ്ടാണ് ട്രംപ് നിർണായക പ്രഖ്യാപനം നടത്തിയത്.
”സൈനികമായി ഇറാൻ തീർന്നു കഴിഞ്ഞു. ഞങ്ങൾ ഇപ്പോൾ നിലവിലെ സ്ഥിതി നിലനിർത്തുക മാത്രമാണ് ചെയ്യുന്നത്”.- ട്രംപ് വ്യക്തമാക്കി. ഇറാന്റെ നേതൃത്വനിരയെ പൂർണമായും തകർത്തുവെന്നും എന്നാൽ ഇറാന്റെ ആണവ പദ്ധതി പൂർണമായും നിർവീര്യമാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന ദീർഘകാല പരിഹാരമാണ് താൻ ഇപ്പോഴും ലക്ഷ്യമിടുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ട്രംപിന്റെ പിൻമാറ്റം. തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ആക്രമണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ നിർണായക വഴിത്തിരിവായത് ട്രംപും ഖത്തർ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ്.
മധ്യസ്ഥ ചർച്ചകളിൽ പ്രധാന പങ്കുവഹിക്കുന്ന ഖത്തർ വഴി, കഴിഞ്ഞയാഴ്ച ഇറാൻ തങ്ങളുടെ പുതിയ ആണവ വിവരങ്ങൾ യുഎസിന് കൈമാറിയിരുന്നു. എന്നാൽ, ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പായി യുഎസ് അംഗീകരിക്കേണ്ട ഏഴ് നിബന്ധനകളും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രിയുമായുള്ള കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്തുവിട്ടിട്ടില്ല.
അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിച്ചാൽ അടുത്തനിമിഷം യുഎസുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗായി വ്യക്തമാക്കി. നാവിക ഉപരോധം പിൻവലിക്കണമെന്നതും മരവിപ്പിച്ച സ്വത്ത് വിട്ടുനൽകണമെന്നതും ഇറാന്റെ ന്യായമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്തമാക്കി വിഡി സതീശൻ





































