തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ചെയർമാൻ എംആർ ബൈജുവിനെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് അന്വേഷണ സംഘം നിർദ്ദേശം നൽകിയിരിക്കുന്നത്.
നേരത്തെ, അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചിരുന്ന ബൈജുവിനോട് ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണ് അന്വേഷണ സംഘം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിന് ശേഷം മാത്രമേ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകൂ എന്നായിരുന്നു ബൈജുവിന്റെ നിലപാട്.
ഇതേത്തുടർന്ന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണ സംഘം വീണ്ടും കർശന നോട്ടീസ് നൽകി. ഇത് മൂന്നാം തവണയാണ് ക്രൈം ബ്രാഞ്ച് ബൈജുവിന് നോട്ടീസ് നൽകുന്നത്. ഹാജരാകില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി ഇതുവരെ ബൈജു അന്വേഷണ സംഘത്തിന് നൽകിയിട്ടില്ല.
കേസിൽ ചെയർമാൻ എംആർ ബൈജുവിനെ പ്രതിചേർക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. പിഎസ്സി സെക്രട്ടറിയുടെയും മൂന്ന് അംഗങ്ങളുടെയും മൊഴി എതിരായതോടെയാണിത്. നിയമോപദേശം തേടിയ ശേഷമായിരിക്കും തുടർ നടപടി. പരീക്ഷാ നടത്തിപ്പിൽ ചെയർമാൻ എംആർ ബൈജുവിന്റെ ഏകപക്ഷീയ ഇടപെടലുകൾ പിഎസ്സിയിലെ ക്രമക്കേടുകൾക്ക് വഴിയൊരുക്കിയതായി ക്രൈം ബ്രാഞ്ച് പറയുന്നു.
പിഎസ്സി പരീക്ഷകളിൽ ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ പാനൽ നിശ്ചയിക്കുന്നതും എഴുത്തുപരീക്ഷയുടെ മൂല്യനിർണയം നടത്തുന്നവരെ തിരഞ്ഞെടുക്കുന്നതും ചെയർമാൻ നേരിട്ടാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പരീക്ഷാ നടത്തിപ്പിനായി എക്സാം മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്ന് നിയമാവലിയിൽ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ചെയർമാനിൽ പരമാധികാരം നിലനിർത്തുന്നതിനായി പിഎസ്സി അത് നടപ്പാക്കിയിട്ടില്ലെന്നാണ് എസ്ഐടിക്ക് ലഭിച്ച വിവരം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































