തിരുവനന്തപുരം: പിഎസ്‌സി ഫിഷറീസ് എക്‌സ്‌റ്റൻഷൻ ഓഫീസർ തസ്‌തികയിലേക്ക് നടന്ന പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ പിഎസ്‌സി ചെയർമാൻ എംആർ ബൈജുവിനും അംഗങ്ങൾക്കുമെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. കുറ്റം തെളിഞ്ഞാൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
നേമം സ്വദേശി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുഫോസിൽ ഫിഷറീസ് എക്‌സ്‌റ്റൻഷൻ ഓഫീസർ തസ്‌തികയിലേക്ക് നടന്ന പരീക്ഷയിൽ ക്രമക്കേട് കാട്ടി പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും സിപിഎം അനുഭാവികളായ ഉദ്യോഗസ്‌ഥർക്കും വേണ്ടപ്പെട്ടവർക്ക് അനർഹമായ റാങ്ക് നൽകിയെന്ന് എഫ്‌ഐആറിൽ പറയുന്നു.
അതുവഴി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ലഭിക്കേണ്ട നിയമന അവസരം ഇല്ലാതാക്കി. പ്രതികൾ അന്യായനേട്ടമുണ്ടാക്കി എന്നും എഫ്‌ഐആറിൽ പറയുന്നു. ഇതിന് പെരുമ്പാവൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ പരീക്ഷയിലെ ക്രമക്കേടിലും പിഎസ്‌സി അംഗങ്ങൾക്കെതിരെ ക്രൈം ബ്രാഞ്ച് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
ശാരീരിക യോഗ്യത ഇല്ലാത്തവർക്കും അപേക്ഷിക്കാൻ പാകത്തിൽ നോട്ടിഫിക്കേഷനിൽ സൂചിപ്പിച്ചിരുന്ന വിദ്യാഭ്യാസ യോഗ്യതയ്‌ക്കും പുറമെ മറ്റു രണ്ടു കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തി. ഇതിന് പുറമെ രണ്ട് ഓൺലൈൻ സൈറ്റുകളിൽ നിന്ന് 45 ചോദ്യങ്ങൾ അതേപടി പകർത്തിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയതെന്നും എഫ്‌ഐആറിൽ പറയുന്നു.
ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ പരസ്‌പരം പഴിചാരിയുള്ള മൊഴികളാണ് ചെയർമാനും അംഗങ്ങളും നൽകുന്നത്. ചെയർമാൻ തന്നിഷ്‌ടപ്രകാരം ചില ഉദ്യോഗസ്‌ഥരെ മാത്രം വിശ്വാസത്തിലെടുത്താൻ തീരുമാനങ്ങൾ എടുത്തിരുന്നതെന്നാണ് ചില അംഗങ്ങൾ മൊഴി നൽകിയത്. എന്നാൽ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്‌ഥരെ പഴിചാരിയാണ് ചെയർമാന്റെ മൊഴി.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം





































