കീവ്: യുക്രൈന്റെ കിഴക്കൻ നഗരമായ ക്രാമറ്റോർസ്‌കിൽ സർവീസ് നടത്തുകയായിരുന്ന യാത്രാ ബസുകൾക്ക് നേരെ റഷ്യ നടത്തിയ ഗ്‌ളൈഡ് ബോംബ് ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് ജനവാസ മേഖലയെയും സാധാരണക്കാരായ യാത്രക്കാരെയും ലക്ഷ്യമിട്ട് റഷ്യ കൂട്ടക്കുരുതി നടത്തിയത്.
യാത്രക്കാരുമായി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ബസുകളിലേക്കാണ് ബോംബ് പതിച്ചത്. സമീപത്തെ ഒരു അപ്പാർട്ട്മെന്റിനും കനത്ത നാശനഷ്‌ടമുണ്ടായി. കത്തിയമർന്ന ബസുകളുടെയും റോഡിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ യുക്രൈൻ അധികൃതർ പുറത്തുവിട്ടു.
സാധാരണക്കാരായ പരമാവധി കൊന്നൊടുക്കുക എന്ന വ്യക്‌തമായ ലക്ഷ്യത്തോടെയാണ് റഷ്യ പൊതുഗതാഗത സംവിധാനങ്ങൾക്ക് നേരെ ബോംബെറിഞ്ഞതെന്ന് റീജിണൽ ഗവർണർ വാദിം ഫിലാഷ്‌കിൻ കുറ്റപ്പെടുത്തി.
”ഒറ്റ ആക്രമണത്തിൽ കൂടുതൽ ആളുകളെ കൊലപ്പെടുത്താൻ സാധിക്കും എന്നതുകൊണ്ടാണ് യാത്രക്കാർ മാനുഷിക മൂല്യങ്ങളും പൂർണമായി കാറ്റിൽപ്പറത്തിക്കൊണ്ട് സാധാരണക്കാർക്ക് പരമാവധി വേദന സമ്മാനിക്കാനാണ് റഷ്യൻ സൈന്യം ശ്രമിക്കുന്നത്”- ഗവർണർ തുറന്നടിച്ചു.
വടക്കൻ നഗരമായ പ്രിലൂക്കിയിലെ ഫ്‌ളാറ്റിൽ ഉൾപ്പടെ രാജ്യവ്യാപകമായി റഷ്യ നടത്തിയ ആക്രമണങ്ങളിൽ കഴിഞ്ഞ ദിവസവും 30 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്രാമറ്റോർസ്‌കിലെ കൂട്ടക്കുരുതി. തലസ്‌ഥാനമായ കീവിലെക്ക് വ്യാഴാഴ്‌ച റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.
യുക്രൈൻ നിരയിലെ ഏറ്റവും നിർണായകമായ സൈനിക-ലോജിസ്‌റ്റിക്‌സ് കേന്ദ്രങ്ങളിലൊന്നാണ് യുദ്ധമുഖത്തിന് തൊട്ടടുത്തുള്ള ക്രാമറ്റോർസ്‌ക്. റഷ്യൻ സേന നഗരത്തിന്റെ അതിർത്തികളിലേക്ക് മുന്നേറാൻ ശ്രമിക്കുന്നതിനിടെ സാധാരണക്കാരായ ജനങ്ങളോട് സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ ആക്രമണത്തിന് ഞങ്ങളുടെ മറുപടി ഉണ്ടാകുമെന്ന് യുക്രൈൻ പ്രസിഡണ്ട് സെലെൻസ്‌കി പറഞ്ഞു. ”റഷ്യ ഡോൺബാസിലെ എല്ലാ ജീവനെയും നശിപ്പിക്കാൻ ശ്രമിക്കുന്നു. ലോകം ഇതിനോട് പ്രതികരിക്കേണ്ടതുണ്ട്. കഠിനമായി പ്രതികരിക്കുക”- സെലെൻസ്‌കി പറഞ്ഞു. അതേസമയം, ആക്രമണത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































