തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്‌റ്റിസ് ബോർഡ് തള്ളി. പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമാണ് പ്രതിയുടെ മാനസികാവസ്‌ഥയെന്ന കൗൺസിലിങ് നടത്തിയ ഡോക്‌ടർമാരുടെ റിപ്പോർട് പരിഗണിച്ചാണ് ബോർഡിന്റെ ഉത്തരവ്.
പ്രതിക്ക് വിചാരണ നേരിടുന്നതിന് യാതൊരുവിധ തടസങ്ങളുമില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട് നൽകിയിട്ടുണ്ട്. നേരത്തെ, 17കാരനായ പ്രതിയുടെ മാനസികനില വിശദമായി പരിശോധിക്കുന്നതിനായി കോടതി പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അവിടെ നടന്ന പരിശോധനകൾക്കും കൗൺസിലിങ്ങിനും ശേഷമാണ് ഡോക്‌ടർമാരുടെ സംഘം ബോർഡിന് റിപ്പോർട് സമർപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത ആളെന്ന ആനുകൂല്യം നൽകി പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും മെഡിക്കൽ ബോർഡ് റിപ്പോർട്ടിലെ കണ്ടെത്തലുകളും ശരിവെച്ചുകൊണ്ടാണ് ജുവനൈൽ ജസ്‌റ്റിസ് ബോർഡ് ജാമ്യം നിഷേധിച്ചത്.
അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റാണെന്ന് സ്‌ഥിരീകരിച്ചിരുന്നു. പ്രതിയായ 17കാരൻ നടത്തിയ കൗൺസിലിങ്ങിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവ സ്‌ഥലത്ത് വച്ചുനടന്ന തർക്കത്തിനിടെ അഭിരാമിന്റെ തലയ്‌ക്ക് താൻ തേങ്ങ കൊണ്ട് ഇടിച്ചതായാണ് 17കാരൻ വെളിപ്പെടുത്തിയത്.
മുൻകൂട്ടി പ്ളാൻ ചെയ്‌തത് പ്രകാരം അഭിരാമിനെ കൊലപാതകം നടന്ന സ്‌ഥലത്ത് എത്തിച്ചത് 17കാരനാണെന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈ സ്‌ഥലത്ത് എത്തിയ ശേഷം ഉണ്ടായ തർക്കത്തിനിടയിൽ പ്രതി അവിടെ കിടന്ന തേങ്ങ കൊണ്ട് അഭിരാമിന്റെ തലയ്‌ക്ക് ശക്‌തിയായി ഇടിക്കുകയായിരുന്നു.
ബോധം പോയ അഭിരാമിനെ അവിടെ ഉപേക്ഷിച്ച ശേഷം യുവാവ് പോയി കൂട്ടാളി ഉമറിനെയും വിളിച്ച് വീണ്ടും മടങ്ങിയെത്തി. അർധബോധാവസ്‌ഥയിൽ കിടന്ന അഭിരാമിനെ ഉണർത്തി, ശേഷമാണ് ഇരുവരും ചേർന്ന് കഴുത്തിൽ കൈകൊണ്ട് ഞെരിച്ചും ബെൽറ്റ് കൊണ്ട് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































