ന്യൂഡെൽഹി: ന്യൂഡെൽഹിയിൽ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) കൾച്ചറൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ പാക്ക് കേന്ദ്ര കാലാവസ്‌ഥാ വ്യതിയാന പരിസ്‌ഥിതി മന്ത്രി ഡോ. മുസാദിഖ് മസൂദ് മാലിക്കിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.
ആഗ്രയിലെ താജ്‌മഹലും ഡെൽഹിയിലെ നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാൻ അനുമതി തേടിയുള്ള പാക്ക് മന്ത്രിയുടെ അപേക്ഷ ഇന്ത്യ നിരസിച്ചു. സമ്മേളനത്തിന് പുറമെ മറ്റു സന്ദർശനങ്ങൾക്കോ പരിപാടികൾക്കോ അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. നവംബർ 20 മുതൽ 22 വരെയാണ് സമ്മേളനം.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു പാക്കിസ്‌ഥാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്. 2024 മെയിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിനും ശേഷം ആദ്യമായാണ് പാക്കിസ്‌ഥാൻ മന്ത്രിക്ക് ഇന്ത്യയിലേക്ക് ക്ഷണം ലഭിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യ-പാക്ക് ബന്ധം വഷളായിരുന്നു.
2023ൽ പാക്ക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയാണ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. അന്ന് ഗോവയിൽ നടന്ന എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ഭൂട്ടോ എത്തിയത്. അതിനിടെ, പാക്ക് മന്ത്രിയെ ക്ഷണിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. പഹൽഗാം ആക്രമണത്തിന് ശേഷം അയൽരാജ്യത്തോടുള്ള നയത്തിൽ മാറ്റം വരുത്താൻ മാത്രം എന്ത് സാഹചര്യമാണ് മാറിയതെന്ന് പ്രതിപക്ഷം ചോദിച്ചു.
എന്നാൽ, സംഘടനയിലെ കീഴ്‌വഴക്കങ്ങൾ അനുസരിച്ച് പാക്കിസ്‌ഥാൻ ഉൾപ്പടെയുള്ള എല്ലാ എസ്‌സിഒ അംഗരാജ്യങ്ങളെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.
ഒക്‌ടോബറിൽ താജിക്കിസ്‌ഥാനിലെ ദുഷാൻബെയിൽ നടന്ന എസ്‌സിഒ ഗവ. തലവൻമാരുടെ കൗൺസിൽ യോഗത്തിലാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാഗരികതാ സംവാദ വേദി പ്രഖ്യാപിച്ചത്. വർഷാവസാനത്തോടെ ഇന്ത്യ ആദ്യ എസ്‌സിഒ നാഗരികതാ സംവാദ വേദിക്ക് ആതിഥേയത്വം വഹിക്കുമെന്നും എല്ലാ അംഗരാജ്യങ്ങളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.
അംഗരാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്‌തിപ്പെടുത്തുകയും പരസ്‌പര ധാരണയും സഹകരണവും വർധിപ്പിക്കുകയുമാണ് വേദിയുടെ ലക്ഷ്യം. ബെലാറസ്, ചൈന, ഇന്ത്യ, ഇറാൻ, കസാഖിസ്‌ഥാൻ, കിർഗിസ്‌ഥാൻ, റഷ്യ, താജിക്കിസ്‌ഥാൻ, ഉസ്ബക്കിസ്‌ഥാൻ, പാക്കിസ്‌ഥാൻ എന്നീ പത്ത് രാജ്യങ്ങളാണ് എസ്‌സിഒയിലെ അംഗങ്ങൾ.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ


































