വാഹനങ്ങളുടെ പുക പരിശോധന കാലാവധി കുറച്ച് കേന്ദ്രം; ഇന്ന് മുതൽ പ്രാബല്യത്തിൽ

ഇനിമുതൽ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി വാഹനത്തിന്റെ പഴക്കവും എൻജിൻ നിലവാരവും അനുസരിച്ചാകും കണക്കാക്കുക.

By Senior Reporter, Malabar News
PUC certificate validity rules
Representational Image

ന്യൂഡെൽഹി: വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയിൽ (പിയുസി) മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ ഉത്തരവ്. ഇനിമുതൽ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി വാഹനത്തിന്റെ പഴക്കവും എൻജിൻ നിലവാരവും അനുസരിച്ചാകും കണക്കാക്കുക.

ഇതുസംബന്ധിച്ച വിജ്‌ഞാപനം കേന്ദ്ര ഉപരിതല-ഗതാഗത-ഹൈവേ മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പുതിയ വ്യവസ്‌ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നിരത്തിലിറങ്ങി അധികം പഴക്കമില്ലാത്ത ബിഎസ്-6 വാഹനങ്ങൾക്ക് കൂടുതൽ കാലാവധിയുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കും. എന്നാൽ, പഴക്കം ചെന്ന വാഹനങ്ങൾ ചുരുങ്ങിയ ഇടവേളകളിൽ പുക പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടി വരും.

ആറുവർഷം വരെ പഴക്കമുള്ള പുതിയ സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്ക് ഇനി 12 മാസത്തിന് പകരം മൂന്നു വർഷത്തെ കാലാവധിയുള്ള പിയുസി സർട്ടിഫിക്കറ്റ് ലഭിക്കും. ആറുവർഷത്തിന് മുകളിലും പത്തുവർഷം വരെയുമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്ക് വർഷത്തിലൊരിക്കൽ പരിശോധന നിർബന്ധമാണ്. എന്നാൽ, പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ആറുമാസം മാത്രമായിരിക്കും സർട്ടിഫിക്കറ്റ് കാലാവധി.

വാണിജ്യ ആവശ്യങ്ങൾക്കുള്ള ബിഎസ്-6 വാഹനങ്ങൾക്ക് പ്രത്യേക സമയപരിധിയാണുള്ളത്. ആറുവർഷം വരെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് രണ്ടുവർഷത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റും, ആറുമുതൽ പത്തുവർഷം വരെ പഴക്കമുള്ളവയ്‌ക്ക് ഒരുവർഷത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റും ലഭിക്കും. പത്ത് വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ ഓരോ ആറുമാസത്തിലും പുകപരിശോധന നടത്തേണ്ടതുണ്ട്.

പഴയ എമിഷൻ വിഭാഗങ്ങളിൽപ്പെടുന്ന വാഹനങ്ങളുടെ പിയുസി കാലാവധി രാജ്യവ്യാപകമായി ഏകീകരിച്ചു. സ്വകാര്യ-വാണിജ്യ വ്യത്യാസമില്ലാതെ ബിഎസ്-1, ബിഎസ്-2, ബിഎസ്-3 വാഹനങ്ങൾക്ക് ഇനിമുതൽ മൂന്നുമാസത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. ബിഎസ്-4 വാഹനങ്ങൾക്ക് ഇനി രാജ്യത്തുടനീളം മാസത്തെ കാലാവധിയുള്ള പിയുസി സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ലഭിക്കുക.

നിലവിലെ സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്നതിന് 10 ദിവസം മുൻപ് വാഹനം പുകപരിശോധനക്ക് വിധേയമാക്കുകയാണെങ്കിൽ പഴയ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതൽ പുതിയ സർട്ടിഫിക്കറ്റ് പ്രാബല്യത്തിൽ വരും. എന്നാൽ, കാലാവധി അവസാനിച്ച ശേഷമോ അവസാനിക്കുന്ന ദിവസമോ ആണ് പരിശോധന നടത്തുന്നതെങ്കിൽ പരിശോധന നടത്തുന്ന തീയതി മുതൽ മാത്രമായിരിക്കും പുതിയ സർട്ടിഫിക്കറ്റിന്റെ കാലാവധി ആരംഭിക്കുക.

Most Read| പത്‌മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE