തിരുവനന്തപുരം: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് എണ്ണം കൂട്ടി. നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി ദർശനം അനുവദിക്കാൻ തീരുമാനിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. നവംബർ 21,22 തീയതികളിൽ ആനുപാതികമായി സ്പോട്ട് ബുക്കിങ്ങിലും വർധന വരുത്തും.
ദർശനത്തിനായുള്ള സ്ളോട്ട് ബുക്കിങ്ങിന് അവസരം ലഭിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. അതേസമയം, തീർഥാടകർക്ക് സുരക്ഷിതമായ ദർശനം ഒരുക്കാൻ മരക്കൂട്ടം മുതൽ സന്നിധാനം വരെ 2000 പോലീസുകാരെ നിയോഗിച്ചതായി പോലീസ് സ്പെഷ്യൽ ഓഫീസർ ജി. ജയ്ദേവ് പറഞ്ഞു. ഇതിൽ കരുതൽ സേനയും ഉൾപ്പെടും.
ക്യൂ നിയന്ത്രിക്കുന്നതും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതും ഉറപ്പുവരുത്തും. 14 ഡിവൈഎസ്പിമാരുടെ കീഴിലാണ് ഇവരെ വിന്യസിച്ചിട്ടുള്ളത്. ശരംകുത്തി-76, ക്യൂ കോംപ്ളക്സ് – 118, മരക്കൂട്ടം-100 സേനാംഗങ്ങളെയും വിവിധ ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്.
അതിനിടെ, ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർണമായും തീർന്നിട്ടും ശബരിമലയിൽ തീർഥാടകർ കുറഞ്ഞത് അടിയന്തരമായി അന്വേഷിക്കാൻ മന്ത്രി കെ. മുരളീധരൻ എഡിജിപി പി. വിജയന് നിർദ്ദേശം നൽകി. ആരെങ്കിലും കൂട്ടമായി ബുക്ക് ചെയ്ത ശേഷം എത്താതിരുന്നതാണോ അതോ മറ്റുള്ള തീർഥാടകർക്ക് ബുക്ക് ചെയ്യാൻ കഴിയാത്ത വിധത്തിൽ എന്തെങ്കിലും തിരിമറി ഉണ്ടോ എന്നും അന്വേഷിക്കാൻ ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടേണ്ട പുലർച്ചെ പോലും സന്നിധാനം വലിയ നടപ്പന്തലിലും പമ്പയിലും ക്യൂ ഇല്ലെന്നാണ് വിവരം. എല്ലാ ദിവസവും പുലർച്ചെ മൂന്നിന് നട തുറക്കും. 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. ഉച്ചപൂജയ്ക്ക് ശേഷം ഒന്നിന് നട അടച്ചാൽ വൈകീട്ട് മൂന്നിന് തുറക്കും. രാത്രി 11ന് ഹരിവരാസനം.
ഡിസംബർ 27നാണ് മണ്ഡലപൂജ. അന്ന് രാത്രി നട അടക്കുന്നതോടെ മണ്ഡലകാല തീർഥാടനത്തിന് സമാപനമാകും. മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകീട്ട് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. 20ന് നട അടയ്ക്കും.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!




































